ഭാരക്കൂടുതല്‍ കാരണം 20 യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ബ്രിട്ടീഷ് എയര്‍വേയ്‌സ്

ഭാരക്കൂടുതല്‍ കാരണം 20 യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഫ്‌ളോറന്‍സിലെ അമേരിഗോ വെസ്പൂച്ചി വിമാനത്താവളത്തില്‍ നിന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളത്തിലേക്ക് പറക്കാനിരിക്കുകയായിരുന്ന ബിഎ എംബ്രയര്‍ ഇആര്‍ജെ -190 വിമാനത്തില്‍ ഓഗസ്ത് 11 നാണ് സംഭവംനടന്നത്. വായു സമ്മര്‍ദ്ദത്തെ ബാധിക്കുന്ന താപനില കാരണം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് ചില യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കേണ്ടിവന്നുവെന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചിരിക്കുന്നത്.

യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ എയര്‍വേയ്‌സ് മാപ്പു പറഞ്ഞു. ചെറിയ റണ്‍വേയും കടുത്ത ചൂടുള്ള കാലാവസ്ഥയും കാരണം വിമാനത്തിന് വായുമര്‍ദ്ദത്തെ നേരിടാന്‍ ഭാരം കുറയ്‌ക്കേണ്ട ആവശ്യമുണ്ടായിരുന്നു. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് ഏതാനും യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്.

യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ വേണ്ട മറ്റു ക്രമീകരണങ്ങള്‍ എയര്‍ലൈന്‍ തന്നെ ചെയ്തു. വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ യാത്രക്കാര്‍ക്ക് ലഭ്യമായ അടുത്ത ഫ്‌ളൈറ്റില്‍ യാത്രയും അവര്‍ ആവശ്യമായഹോട്ടല്‍ താമസവും ഗതാഗതസൗകര്യവും ക്രമീകരിച്ചതായിട്ടാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചിരുന്നത്.

ഇറ്റലിയിലെ 35 ഡിഗ്രി സെല്‍ഷ്യസ് താപ നിലയിലും അമേറിഗോ വെസ്പൂച്ചി വിമാനത്താവളത്തിലെ ചെറിയ റണ്‍വേയും കാരണം ബിഎ ഇആര്‍ജെ -190 യാത്രയ്ക്ക് അധിക ഇന്ധനം ആവശ്യമായി വന്ന സാഹചര്യമുണ്ടായിരുന്നു. വിമാനത്തിലെ യാത്രക്കാരുടെ എണ്ണം കുറച്ച് ഇന്ധനത്തിന്റെ കുറവ് പരിഹരിച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. അമിതമായ ചൂട് കാരണം ആളുകള്‍ക്ക് വിമാനത്തില്‍ നിന്ന് ഇറങ്ങേണ്ടിവരുമെന്ന് പൈലറ്റ് പറഞ്ഞുവെന്ന് ഒരു ബ്രിട്ടീഷ് യാത്രക്കാരന്‍ വെളിപ്പെടുത്തി. 36 പേരെ പുറത്തിറക്കുമെന്ന് ആദ്യം സ്റ്റാഫ് പറഞ്ഞിരുന്നു. എന്നാല്‍ ഒടുവില്‍ 20 പേര്‍ക്ക് ഇറങ്ങേണ്ടിവന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*