
ലണ്ടൻ: യുകെയിലെ ലീഡ്‌സിൽ മലയാളി വിദ്യാർഥിനി കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിക്ക് ലീഡ്‌സ് ക്രൗൺ കോടതി ഒൻപത് വർഷത്തെ തടവുശിക്ഷ വിധിച്ചു. 2023 ഫെബ്രുവരി 22-ന് ബസ് കാത്തുനിന്ന തിരുവനന്തപുരം സ്വദേശിനി ആതിര അനിൽകുമാർ (25) ആണ് അപകടത്തിൽ മരിച്ചത്.
നഴ്സായ റുമീസ അഹമ്മദ് (27) അമിതവേഗത്തിൽ കാർ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തി. വിചാരണയിൽ അപകടകരമായ ഡ്രൈവിംഗിലൂടെ ആതിരയുടെ മരണത്തിന് ഇടയാക്കിയെന്ന് റുമീസ കുറ്റം സമ്മതിച്ചു. അപകടസമയത്ത് പ്രതി സ്‌നാപ്‌ചാറ്റ് ഉപയോഗിക്കുകയും 40 മൈൽ വേഗപരിധിയുള്ള റോഡിൽ 60 മൈൽ വേഗത്തിൽ വാഹനം ഓടിക്കുകയും ചെയ്‌തിരുന്നതായി പൊലീസ് കണ്ടെത്തി. മുമ്പ് രണ്ടുതവണ വേഗപരിധി ലംഘനത്തിന് വിലക്കേർപ്പെടുത്തിയിരുന്നതും കോടതി പരിഗണിച്ചു.
ലീഡ്‌സ് ബെക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥിനിയായിരുന്ന ആതിര, തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര സ്വദേശികളായ അനിൽകുമാർ-ലാലി ദമ്പതികളുടെ മകളാണ്. മസ്കത്തിൽ ജോലി ചെയ്യുന്ന രാഹുൽ ശേഖറാണ് ആതിരയുടെ ഭർത്താവ്. പഠനത്തിനായി ഒന്നരമാസം മുമ്പ് മാത്രമാണ് ആതിര ലീഡ്‌സിലെത്തിയത്. അപകടത്തിൽ 42-കാരനായ മറ്റൊരാൾക്കും പരുക്കേറ്റിരുന്നു.
Be the first to comment