ബ്രിട്ടീഷ് രാഷ്ട്രീയം ഉഴുതുമറിച്ച് റിഫോം യുകെ

പരമ്പരാഗതമായി കണ്‍സര്‍വേറ്റീവുകളും ലേബര്‍ പാര്‍ട്ടിയും പങ്കിട്ടുവെന്ന ബ്രിട്ടീഷ് ഭരണം റിഫോം യുകെ എന്ന അതിതീവ്ര വലത് പാര്‍ട്ടിയിലേക്ക് മാറുമെന്ന് സൂചന നല്‍കി കൊണ്ട് 23 ലോക്കല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് നടന്ന 1600 സീറ്റുകളില്‍ 677 എണ്ണത്തിലാണ് റിഫോം പാര്‍ട്ടി ജയിച്ചത്. ഇവയില്‍ പലതും ഇവര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. അതിനു പുറമെ, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന കെന്റ്, സ്റ്റഫോര്‍ഡ്ഷയര്‍ കൗണ്‍സിലുകളുടെ നിയന്ത്രണം റിഫോം പാര്‍ട്ടി  പിടിച്ചെടുക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് നടന്ന 23 കൗണ്‍സിലുകളില്‍ മിക്കതിലും റിഫോം പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കന്‍ കഴിഞ്ഞപ്പോള്‍, ഭൂരിഭാഗം കൗണ്‍സിലുകളും കൈയില്‍ ഉണ്ടായിരുന്ന ടോറികള്‍ക്കാണ് വന്‍ നഷ്ടം ഉണ്ടായത്. ലേബര്‍ പാര്‍ട്ടിയ്ക്കും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ ആയില്ല.

തെരഞ്ഞെടുപ്പ് നടന്ന കൗണ്‍സിലുകളില്‍ ലേബര്‍ പാര്‍ട്ടിയുടെ കൈവശം ഉണ്ടായിരുന്ന ഏക കൗണ്‍സിലായ ഡോണ്‍കാസ്റ്ററിന്റെ നിയന്ത്രണവും റിഫോം പാര്‍ട്ടി പിടിച്ചെടുത്തു. സമാനമായ രീതിയില്‍, നേരത്തെ ലേബര്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ഡുറവും റിഫോം യു കെ പാര്‍ട്ടി പിടിച്ചെടുത്തു. ഇതാദ്യമായി കൗണ്‍സിലുകളുടെ നിയന്ത്രണം നേടിയതുപോലെ ആദ്യ മേയര്‍ പദവികളും റിഫോം കൈക്കലാക്കി. ഗ്രെയ്റ്റര്‍ ലിങ്കണ്‍ഷയര്‍ – ഹള്‍, ഈസ്റ്റ് യോര്‍ക്ക്സഹയര്‍ എന്നിവിടങ്ങളിലെ രണ്ട് മെയര്‍ പദവികളാണ് റിഫോം യു കെ കൈക്കലാക്കിയത്.

തെരഞ്ഞെടുപ്പ് നടന്ന ഒട്ടു മിക്ക കൗണ്‍സിലുകളിലും ഭരണം കൈയ്യാളിയിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തന്നെയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നഷ്ടം സഹിക്കേണ്ടി വന്നത്.സുപ്രധാനമായ കൗണ്‍സിലുകളുടെ നിയന്ത്രണം പിടിച്ചെടുത്ത റിഫോം റണ്‍കോണ്‍ & ഹെല്‍സ്ബിയിലെ ഉപതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് തോല്‍വിയുടെ നാണക്കേടും സമ്മാനിച്ചു. തന്റെ പാര്‍ട്ടിയുടെ പ്രകടനത്തെ ‘റിഫോം ഭൂകമ്പമെന്ന്’ വിശേഷിപ്പിച്ച ഫരാഗ്, ഇത് രണ്ട് പാര്‍ട്ടികളുടെ രാഷ്ട്രീയത്തിന്റെ അന്ത്യസൂചനയാണെന്നും അവകാശപ്പെട്ടു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒടുക്കത്തിന്റെ തുടക്കമാണ് ഇതെന്നും ഫരാഗ് പറഞ്ഞു. കേവലം അഞ്ച് എംപിമാരുള്ള തങ്ങളാണ് പ്രധാന പ്രതിപക്ഷമെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ഏകദേശം 650 ലോക്കല്‍ കൗണ്‍സില്‍ സീറ്റുകളിലാണ് റിഫോം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് കയറിയത്. അത്രയും സീറ്റുകളാണ് കണ്‍സര്‍വേറ്റീവുകള്‍ക്ക് നഷ്ടമായത്. ലേബറിന് ഏതാണ്ട് 200 സീറ്റോളം നഷ്ടമായി.

കെന്റ് പോലുള്ള ടോറി അനുകൂല മേഖലയില്‍ പോലും ടോറികള്‍ക്ക് കൗണ്‍സിലുകളുടെ നിയന്ത്രണം കൈവിട്ടു. ഒരു നൂറ്റാണ്ടിലേറെയായി അധികാരത്തിലുള്ള ഡുര്‍ഹാമില്‍ ലേബറിനെ റിഫോം തുടച്ചുനീക്കി. 98 സീറ്റില്‍ നാലെണ്ണത്തില്‍ മാത്രമാണ് ലേബറിന് ഇവിടെ വിജയിക്കാന്‍ കഴിഞ്ഞത്.
ബ്രിട്ടനിലെ ഏറ്റവും വലിയ അതോറിറ്റികളില്‍ ചിലതിന്റെ തലപ്പത്തേക്കാണ് റിഫോം ഇതോടെ വന്നെത്തുന്നത്. ഫലങ്ങള്‍ നിരാശാജനകമാണെന്ന് കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. എന്നിരുന്നാലും വോട്ടര്‍മാരുടെ പ്രഖ്യാപനം തനിക്ക് മനസ്സിലായെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി മാറ്റങ്ങള്‍ വേഗത്തിലാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ടോറി കൗണ്‍സിലര്‍മാര്‍ക്ക് സീറ്റ് നഷ്ടമായതില്‍ കെമി ബാഡെനോക് ഖേദം പ്രകടിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*