പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു

പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ഷോക്കായി പുതിയ നികുതി പരിഷ്കാരങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു . പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്കുള്ള മാറ്റത്തിനൊപ്പം സര്‍ക്കാര്‍ വരുമാനം സ്ഥിരപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇതിന്റെ ഭാഗമായി വാഹന നികുതി (VED), ഇന്ധന നികുതി, കമ്പനി കാറുകള്‍ക്ക് ബാധകമായ ബെനിഫിറ്റ്-ഇന്‍-കൈന്‍ഡ് (BiK) നികുതി എന്നിവ വര്‍ധിക്കും. ഏപ്രില്‍ 1 മുതല്‍ കാറുകള്‍ക്കും വാനുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും ബാധകമായ എല്ലാ വി ഇ ഡി നിരക്കുകളും റീട്ടെയില്‍ പ്രൈസ് ഇന്‍ഡക്സ് (RPI) അനുസരിച്ച്, 4.6 ശതമാനം വരെ വര്‍ധിക്കും. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഇതിന്റെ പരിധിയില്‍ വരും. ഇതോടെ പല ഡ്രൈവര്‍മാര്‍ക്കും വര്‍ഷംതോറും 10 പൗണ്ട് മുതല്‍ 40 പൗണ്ട് വരെ അധിക നികുതി നല്‍കേണ്ടിവരും.

ഇന്ധന നികുതിയിലും വര്‍ധനവ് ഉണ്ടാവും . 2022 മാര്‍ച്ചുമുതല്‍ നിലവിലുണ്ടായിരുന്ന ലിറ്ററിന് 5 പെന്‍സ് കുറവ് ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 2026 സെപ്റ്റംബറില്‍ 1 പെന്‍സും , ഡിസംബറില്‍ 2 പെന്‍സും, 2027 മാര്‍ച്ചില്‍ 2 പെന്‍സും വര്‍ധിപ്പിക്കുന്നതോടെ ഇന്ധന നികുതി ലിറ്ററിന് 57.95 പെന്‍സിലെത്തും.

അതേസമയം, കമ്പനി കാറുകള്‍ക്ക് ബാധകമായ ബിനിഫിറ്റ്-ഇന്‍-കൈന്‍ഡ് നികുതി 2026–27 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ വാഹനങ്ങള്‍ക്കും ഉയരും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇത് നിലവിലെ 3 ശതമാനത്തില്‍ നിന്ന് 2026 ഏപ്രില്‍ 6 മുതല്‍ 4 ശതമാനമാകും. ലണ്ടന്‍ കോണ്‍ജെഷന്‍ ചാര്‍ജും ഉയരുകയാണ്. ദിവസവേതനമായി നല്‍കുന്ന ചാര്‍ജ് 15 പൗണ്ടില്‍ നിന്ന് 18 പൗണ്ടിലേക്ക് വര്‍ധിപ്പിക്കും. 2025 ഡിസംബറില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന ഒഴിവാക്കലും അവസാനിച്ചതോടെ ഭൂരിഭാഗം ഇ വി ഉടമകള്‍ക്കും ഇനി ഈ ചാര്‍ജ് അടയ്ക്കേണ്ടിവരും. വാഹന ഉടമകള്‍ ഓട്ടോ പേയില്‍ രജിസ്റ്റര്‍ ചെയ്താല്‍ 25 ശതമാനം ഇളവ് ലഭിക്കും എന്ന അനൂകൂല്യമുണ്ട് .

അതേസമയം, ചില ഇലക്ട്രിക് വാഹനം വാങ്ങുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങളും ഉണ്ട്. ‘ലക്‌സറി കാര്‍ നികുതി’ എന്നറിയപ്പെടുന്ന എക്സ്പെന്‍സീവ് കാര്‍ സപ്ലിമെന്റിന്റെ (ECS) പരിധി സീറോ-എമിഷന്‍ വാഹനങ്ങള്‍ക്ക് 40,000 പൗണ്ടില്‍ നിന്ന് 50,000 പൗണ്ട് ആയി 2026 ഏപ്രില്‍ 1 മുതല്‍ ഉയര്‍ത്തും. ഇതോടെ 40,001 പൗണ്ട് മുതല്‍ 50,000 പൗണ്ട് വരെ വിലയുള്ള നിരവധി ജനപ്രിയ ഇ വി മോഡലുകള്‍ക്ക് വര്‍ഷം 425 പൗണ്ട് അധിക നികുതി നല്‍കേണ്ടതില്ല. എന്നാല്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് ഈ പരിധി 40,000 പൗണ്ട് ആയി തുടരുകയും ചെയ്യും.

കൂടാതെ, ഭിന്നശേഷിക്കാര്‍ക്ക് വാഹനം ലീസ് ചെയ്യാന്‍ സഹായിക്കുന്ന മൊട്ടാബിലിറ്റി സ്കീമിലും മാറ്റങ്ങള്‍ വരും. 2026 ജൂലൈ മുതല്‍ പുതിയ ലീസ് കരാറുകളില്‍ അഡ്വാന്‍സ് പേയ്മെന്റിന് വാറ്റും ഇന്‍ഷുറന്‍സ് പ്രീമിയം ടാക്സും ഈടാക്കും. ഇതോടെ മൂന്ന് വര്‍ഷത്തെ പാക്കേജില്‍ ശരാശരി 400 പൗണ്ട് വരെ അധിക ചെലവ് ഉയരാന്‍ സാധ്യതയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*