ബ്രിട്ടനില്‍ 1.5 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള വീടുകളില്‍ നിന്നും ‘മാന്‍ഷന്‍ ടാക്‌സ്’ പിരിക്കാന്‍ നീക്കം

ബ്രിട്ടനില്‍ സ്വന്തമായി വീടുകളുള്ളവര്‍ക്ക് കൂടുതല്‍ നികുതിഭാരം വന്നേക്കും. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ബജറ്റില്‍ പ്രഖ്യാപിച്ച മാന്‍ഷന്‍ ടാക്‌സ് ധനികരുടെ വീടുകള്‍ക്ക് മാത്രമായിരിക്കുമെന്ന് തോന്നുമെങ്കിലും സ്ഥിതി അതല്ലെന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്.

1.5 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള കുടുംബ വീടുകളും മാന്‍ഷന്‍ ടാക്‌സ് വേട്ടയില്‍ പെടുമെന്നാണ് പ്രോപ്പര്‍ട്ടി ഉടമകള്‍ക്കുള്ള മുന്നറിയിപ്പ്. നവംബറിലെ ബജറ്റില്‍ 2 മില്ല്യണ്‍ പൗണ്ടിന് മുകളില്‍ വിലയുള്ള ഉയര്‍ന്ന മൂല്യമുള്ള കൗണ്‍സില്‍ ടാക്‌സ് സര്‍ചാര്‍ജ്ജാണ് ചാന്‍സലര്‍ പ്രഖ്യാപിച്ചത്. 2028 ഏപ്രില്‍ മുതല്‍ ഇത് നിലവില്‍ വരും.

നിലവിലെ കൗണ്‍സില്‍ ടാക്‌സിന് പുറമെയാണ് ഈ വാര്‍ഷിക ചാര്‍ജ്ജ്. പ്രോപ്പര്‍ട്ടിയുടെ മൂല്യം അടിസ്ഥാനമാക്കി ഇത് വര്‍ദ്ധിക്കുകയും ചെയ്യും. 2 മില്ല്യണില്‍ കൂടുതല്‍ വിലയുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് പ്രതിവര്‍ഷം 2500 പൗണ്ട് മുതല്‍ തുടങ്ങുന്ന നാല് പ്രൈസ് ബാന്‍ഡുകളാണ് ഉണ്ടാവുക. 5 മില്ല്യണിലേറെയാണ് വീട് വിലയെങ്കില്‍ ഇത് 7500 പൗണ്ടായി ഉയരും.

പുതിയ നികുതി ലണ്ടന്‍, സൗത്ത് ഈസ്റ്റ് മേഖലയിലുള്ളവരെയാണ് സാരമായി ബാധിക്കുക. ഇവിടങ്ങളില്‍ പ്രോപ്പര്‍ട്ടി വില കൂടുതലാണെന്നതാണ് കാരണം. എന്നാല്‍ ഇതില്‍ കുറഞ്ഞ വിലയുള്ള പ്രോപ്പര്‍ട്ടികളും സര്‍ചാര്‍ജ്ജില്‍ പെടുമെന്ന് വാല്യൂവേഷന്‍ ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*