യുകെയില്‍ അധികാരം മാറിമാറി കൈയടക്കിവച്ചിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കും ലേബര്‍ പാര്‍ട്ടിയ്ക്കും കനത്ത ആശങ്കയായി റിഫോം യുകെയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക്. ലേബറിന് ഭരണം നഷ്ടപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിന് നേതാക്കളുടെ കൂടുമാറ്റമാണ് വിനയാകുന്നത്. 25 വര്‍ഷക്കാലമായ റോംഫോര്‍ഡില്‍ നിന്നുള്ള എം പിയും, ഷാഡോ മന്ത്രിയുമായ ആന്‍ഡ്രൂ റോസിന്‍ഡെല്‍ ആണ് ഏറ്റവും ഒടുവിലായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും റിഫോം യുകെയിലേക്ക് എത്തിയ മുതിര്‍ന്ന പാര്‍ട്ടി നേതാവ്. ഷാഗോസ് ദ്വീപ് സമൂഹങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലെ പാര്‍ട്ടി നിലപാടാണ് പാര്‍ട്ടി മാറാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പതിനാലാമത്തെ വയസു മുതല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന റോസിന്‍ഡെല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ റിഫോം യുകെയിലേക്ക് ചേക്കേറുന്ന മൂന്നാമത്തെ പ്രധാനിയായ ടോറി നേതാവാണ്. നേരത്തെ ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്കും, മുന്‍ ചാന്‍സലര്‍ നദീം സഹാവിയും റിഫോമില്‍ എത്തിയിരുന്നു. ജെന്റിക്ക് മാറിയ ഉടന്‍ തന്നെ ഷാഡോ ക്യാബിനറ്റില്‍ നിന്നും മറ്റാരും പോവുകയില്ലെന്ന് ഉറപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് കെമി ബെയ്ഡ്‌നോക്ക് പറഞ്ഞ് തൊട്ടടുത്ത ദിവസമാണ് ഇപ്പോള്‍ റോസിന്‍ഡേല്‍ പാര്‍ട്ടി മാറുന്നത് എന്നത് ശ്രദ്ധേയമാണ്.
ആന്‍ഡ്രു റോസിന്‍ഡെല്‍ ഒരു തികഞ്ഞ രാജ്യസ്‌നേഹിയാണ് എന്നായിരുന്നു റിഫോം നേതാവ് നെയ്ജല്‍ ഫരാഗ് വിശേഷിപ്പിച്ചത്. ഷാഗോസ് ദ്വീപ് സമൂഹത്തിന്റെ കാര്യത്തില്‍ ടോറി നേതാക്കളുടെ നുണകളും വഞ്ചനയും തിരിച്ചറിഞ്ഞിട്ടാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നും ഫരാഗ് പറയുന്നു. മെയ് ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വരവ് പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തുപകരുമെന്നും ഫരാഗ് പറഞ്ഞു. എക്‌സിലൂടെയാണ് റോസിന്‍ഡെല്‍ താന്‍ പാര്‍ട്ടി മാറുന്ന വിവരം അറിയിച്ചത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് മൗറീഷ്യസിന് കൈമാറുക വഴി, ആ മേഖലയില്‍ രാജ്യത്തിന്റെ പരമാധികാരം സര്‍ക്കാര്‍ അടിയറ വയ്ക്കുകയാണെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നുണ്ട്. ബ്രിട്ടീഷ് പരമാധികാരം ഒരു വിദേശ രാജ്യത്തിന് മുന്നില്‍ അടിയറ വയ്ക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കെമി ബാഡെനോക് പാര്‍ട്ടിയെ മുന്നോട്ട് നയിക്കില്ലെന്ന പ്രതീക്ഷ തെറ്റിയതോടെയാണ് നേതൃപദവി കൊതിച്ച റോബര്‍ട്ട് ജെന്റിക്ക് പാര്‍ട്ടിയില്‍ നിന്നും കൂടുമാറിയതെന്നാണ് കരുതുന്നത്. റിഫോമിലേക്ക് പോയ മുന്‍ പാര്‍ട്ടിക്കാരന് ‘ഭ്രാന്താണെന്നാണ്’ ടോറി പാര്‍ട്ടി നേതാക്കളുടെ വിമര്‍ശനം. സ്വന്തം നേട്ടം ലക്ഷ്യമിട്ടാണ് ഈ മറുകണ്ടം ചാടലെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്.
അതേസമയം, ടോറികള്‍ വോട്ടര്‍മാരെ ചതിച്ചെന്നാണ് റിഫോമിലെത്തിയ ജെന്റിക്കിന്റെ വാദം. പാര്‍ട്ടിക്ക് വഴി നഷ്ടമായെന്നും, യഥാര്‍ത്ഥ മാറ്റത്തെ അംഗീകരിക്കാനുള്ള ശേഷിയില്ലെന്നുമാണ് ആരോപണം. അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന് ശരിയായ ഗവണ്‍മെന്റിനെ ലഭിച്ചില്ലെങ്കില്‍ രാജ്യം ശരിയാക്കാന്‍ കഴിയുന്നതിന് അപ്പുറത്തേക്കുള്ള അവസ്ഥയിലെത്തും, ജെന്റിക്ക് പറയുന്നു. ഇനി ഈ തലവേദന നിഗല്‍ ഫരാഗിന്റേതാണെന്നാണ് ജെന്റിക്കിനെ പുറത്താക്കിയ ബാഡെനോക് പ്രതികരിച്ചത്.
പ്രമുഖനായ ഒരു ലേബര്‍ നേതാവ് റിഫോം യുകെയില്‍ എത്തുമെന്നും അക്കാര്യം ചൊവ്വാഴ്ച പ്രഖ്യാപിക്കും എന്നുമായിരുന്നു റിഫോം നേതാവ് നെയ്ജല്‍ ഫരാഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പ്രമുഖനായ ഏതെങ്കിലും നേതാക്കള്‍ റിഫോം യുകെയില്‍ എത്തിയാല്‍ അത് തീര്‍ച്ചയായും പാര്‍ട്ടിക്കും, നേതാവ്, കീര്‍ സ്റ്റാര്‍മര്‍ക്കും ലഭിക്കുന്ന വലിയ തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.



Be the first to comment