ബ്രിട്ടൻ്റെ വിവിധ ഭാഗങ്ങളിൽ ചന്ദ്ര കൊടുങ്കാറ്റിനെത്തുടർന്ന് കനത്ത മഴയും കാറ്റും തുടരുന്നു. വടക്കൻ അയർലൻഡിലും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലും റെഡ്, ആംബർ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 75 മൈൽ വേഗതയിൽ വരെ വീശിയടിക്കുന്ന കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു.
വടക്കൻ അയർലൻഡിൽ മാത്രം ഇരുന്നൂറിലധികം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കനത്ത കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണും വെള്ളപ്പൊക്കം കാരണവും പലയിടങ്ങളിലും റോഡ്, റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.
ഡെവൺ ഉൾപ്പെടെയുള്ള മേഖലകളിൽ നദികൾ കരകവിഞ്ഞൊഴുകുന്നത് വലിയ ഭീഷണിയാകുന്നുണ്ട്. പലയിടങ്ങളിലും വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങുകയും അഗ്നിശമനസേന രക്ഷാപ്രവർത്തനം നടത്തുകയും ചെയ്‌തു. ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിൽ നിന്നുള്ള മുപ്പതോളം വിമാനങ്ങൾ റദ്ദാക്കി.
വടക്കൻ മേഖലകളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രധാന പാലങ്ങളും ഹൈവേകളും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്.
നാളെ പത്തുമണി വരെ വിവിധയിടങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും ഐസ് രൂപപ്പെടുന്നതിനും സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് തുടരും.
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.തീരദേശ മേഖലകളിൽ വലിയ തിരമാലകൾക്കും സാധ്യതയുണ്ട്. വരും മണിക്കൂറുകളിൽ കൊടുങ്കാറ്റ് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.



Be the first to comment