യുകെയില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പോരാട്ടത്തിന് മലയാളി യുവതി. ലണ്ടനിലെ ക്രോയ്‌ഡോണ്‍ കൗണ്‍സിലിലെ നോര്‍ബറി പാര്‍ക്ക് വാര്‍ഡില്‍ നിന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് ഹണി പ്രേംലാല്‍ ജനവിധി തേടുന്നത്. ലേബര്‍ പാര്‍ട്ടിയുടെ ശക്തമായ കുത്തക സീറ്റില്‍ മലയാളി കരുത്തിലൂടെ വിള്ളല്‍ വീഴ്ത്താനാണ് ഹണിയുടെ നീക്കം.
കെമിസ്ട്രിയില്‍ ബിരുദവും ബയോകെമിസ്ട്രിയില്‍ മാസ്‌റ്റേഴ്‌സും നേടിയ ഹണി ലീഡര്‍ഷിപ്പില്‍ എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് പരിശീലനം നേടിയ ഹണി ഇന്‍ര്‍നാഷണല്‍ കോച്ചിങ് ഫെഡറേഷന്റെ അംഗീകൃത പരിശീലകയുമാണ്.
യുകെയിലെ സോഷ്യല്‍ഹൗസിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏക മലയാളി എന്ന പ്രത്യേകതയും ഹണിക്കുണ്ട്. ഹൗസിങ് നിയമങ്ങളും പോളിസികളിലുമുള്ള അഗാധമായ അറിവ് വോട്ടര്‍മാര്‍ക്കിടയില്‍ ഹണിക്ക് വലിയ സ്വീകാര്യത നല്‍കുന്നു.
ലേബര്‍ പാര്‍ട്ടിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നോര്‍ബറി പാര്‍ക്കില്‍ വിജയിക്കുക എന്നത് ഹണിക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലേബറാണ് വിജയിച്ചത്.
നേരത്തെ ക്രോയ്‌ഡോണ്‍ മേയറായിരുന്ന മഞ്ജു ഷാഹുല്‍ഹമീദ് ഉള്‍പ്പെടെയുള്ള മലയാളികള്‍ പ്രവര്‍ത്തിച്ചിട്ടുള്ള മണ്ണില്‍ ഹണിയുടെ സ്ഥാനാര്‍ത്ഥിത്വം ആവേശമാണ് സൃഷ്ടിക്കുന്നത്. ക്രോയ്‌ഡോണ്‍ രാഷ്ട്രീയത്തില്‍ വര്‍ഷങ്ങളായി സജീവമായ ഹണി മലയാളി വോട്ടുകള്‍ പിടിച്ച് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി.



Be the first to comment