യുകെയ്ക്ക് കൂടുതല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍; ചില ഭാഗങ്ങളില്‍ മഞ്ഞും കനക്കും

യുകെയില്‍ ഈ ആഴ്ചയും മഴയും വെള്ളപ്പൊക്കവും നിറഞ്ഞ കാലാവസ്ഥ തുടരും. എന്നുമാത്രമല്ല കൂടുതല്‍ വെള്ളപ്പൊക്കത്തിനാണ് സാധ്യത തെളിയുന്നത്. കൂടാതെ ചില ഭാഗങ്ങളില്‍ കനത്ത മഞ്ഞും വീഴും. 73 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളിലാണ് ഇത് കൂടുതല്‍. 177 വെള്ളപ്പൊക്ക അലേര്‍ട്ടുകളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഈ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം നേരിടാന്‍ സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്.

ഞായറാഴ്ച രാത്രിയോടെ തന്നെ രാജ്യത്തിന്റെ പല ഭാഗത്തും താപനില താഴ്ന്നിട്ടുണ്ട്. നോര്‍ത്ത് മേഖല തണുത്തുറയുകയും ചെയ്തു. തിങ്കളാഴ്ച ചെറിയ തോതില്‍ വെയിലും, ഒപ്പം മഴയുമാണ് പ്രതീക്ഷിക്കേണ്ടത്. ആലിപ്പഴ വര്‍ഷത്തോടൊപ്പം ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത തെളിയുന്നത്. ചൊവ്വാഴ്ച സ്ഥിതി അല്‍പ്പം ഭേദപ്പെടുമെന്നും മെറ്റ് ഓഫീസ് പറയുന്നു.

ബുധനാഴ്ചയോടെ മഴയും, മഞ്ഞും, തിരിച്ചെത്തുമെന്ന് മെറ്റ് വ്യക്തമാക്കുന്നു. നിലവില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ലെങ്കിലും സാഹചര്യം മാറുമ്പോള്‍ ഇത് നല്‍കുമെന്നാണ് അറിയിപ്പ്. ഡിവോണ്‍, കോണ്‍വാള്‍, വോര്‍സ്റ്റര്‍ഷയര്‍ എന്നിവിടങ്ങളില്‍ 40 ദിവസമായി തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ട്. വര്‍ഷം തുടങ്ങിയത് മുതല്‍ ഗോറെറ്റി, ഇന്‍ഗ്രിഡ്, ചന്ദ്ര കൊടുങ്കാറ്റുകള്‍ ജനജീവിതം ദുസഹമാക്കി. അടുത്ത വീക്കെന്‍ഡില്‍ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

Be the first to comment

Leave a Reply

Your email address will not be published.


*