ലേബര്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുമ്പോള്‍ ഹെല്‍ത്ത്‌കെയര്‍ മേഖല വലിയ ആശങ്കയിലാണ്. കാരണം വിദേശ കുടിയേറ്റ ജീവനക്കാരെ ആശ്രയിച്ചാണ് ആരോഗ്യ മേഖല ഇത്രയുമെങ്കിലും ചലിച്ചുകൊണ്ടിരിക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും, ‘ഏണ്‍ഡ് സെറ്റില്‍മെന്റ്’ രീതിയിലേക്ക് ചുവടുമാറ്റം നടത്താനും ലക്ഷ്യമിട്ടാണ് ലേബര്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ യുകെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ അപ്പാടെ മാറ്റിമറിച്ചാല്‍ അത് രാജ്യത്തിന് തന്നെ തിരിച്ചടിയായി മാറുമെന്നാണ് സ്റ്റാര്‍മര്‍ ഗവണ്‍മെന്റിന് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. സെറ്റില്‍മെന്റ് നല്‍കാന്‍ കൂടുതല്‍ കാലതാമസം സൃഷ്ടിക്കാനും, കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ യോഗ്യതകള്‍ വേണ്ടിവരുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്താനുമാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.
എന്നാല്‍ യുകെ ഹെല്‍ത്ത് സര്‍വ്വീസ് മേഖലയെ ഈ നീക്കം സാരമായി ബാധിക്കുമെന്ന് സുപ്രധാന സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദേശ ജീവനക്കാരെ കാര്യമായി ആശ്രയിച്ചാണ് എന്‍എച്ച്എസ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നയങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ അകറ്റുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഇത് എന്‍എച്ച്എസിനെയും, രോഗികളെയും തിരിച്ചടിക്കും. ഈ ഘട്ടത്തില്‍ വിദേശ ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്ക് വിസാ നടപടികളില്‍ മുന്‍ഗണന നല്‍കുകയോ, സെറ്റില്‍മെന്റ് ഫാസ്റ്റ്ട്രാക്ക് ചെയ്ത് നല്‍കുകയോ വേണമെന്നാണ് എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് ഉള്‍പ്പെടെ സംഘടനകള്‍ പറയുന്നത്.
ഇതിന് വിരുദ്ധമായി നീങ്ങിയാല്‍ അത് ജീവനക്കാരുടെ ക്ഷാമം രൂക്ഷമാക്കാനാണ് സഹായിക്കുകയെന്നും ഇവര്‍ ഓര്‍മ്മിപ്പിച്ചു. മുന്നറിയിപ്പുകളുടെ വെളിച്ചത്തില്‍ ലേബര്‍ ഗവണ്‍മെന്റ് എന്തെല്ലാം ഇളവുകള്‍ നല്‍കുമെന്നാണ് ഉറ്റുനോക്കുന്നത്. കണ്‍സള്‍ട്ടേഷന്‍ അവസാനിച്ചതിനാല്‍ നയങ്ങള്‍ രൂപീകരണ ഘട്ടത്തിലാണ്.
ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാലയളവിന് യോഗ്യത നേടാന്‍ പരിധി ഇരട്ടിപ്പിക്കുന്നത് റിക്രൂട്ട്‌മെന്റിനെ മാത്രമല്ല നിലവിലെ വിദേശ ജീവനക്കാരെ നഷ്ടമാകാനും ഇടയാക്കുമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഉള്‍പ്പെടെ വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് വിദേശ നഴ്‌സുമാര്‍ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറിയാല്‍ അത് യുകെയ്ക്കു താങ്ങാന്‍ കഴിയണമെന്നില്ല.
കുടിയേറ്റക്കാര്‍ക്ക് സെറ്റില്‍മെന്റിന് 10 വര്‍ഷം കാത്തിരിക്കണമെന്ന മാറ്റം കടുത്ത ആശങ്കയാണ് സമ്മാനിക്കുന്നത്. റിഫോം യുകെ വോട്ടര്‍മാര്‍ക്കിടയില്‍ മുന്നേറ്റം നേടാന്‍ പ്രധാനമായി ആശ്രയിക്കുന്നത് നെറ്റ് മൈഗ്രേഷന്‍ കണക്കുകളാണ്. ഇതിനെ നേരിടാനാണ് കുടിയേറ്റ നിയന്ത്രണമെന്ന പേരില്‍ ലേബര്‍ തിടുക്കം പിടിച്ച് നടപടിയെടുക്കുന്നത്. എന്നാല്‍ ഇത് ഹെല്‍ത്ത്‌കെയര്‍ നഴ്‌സുമാരെയും, കെയറര്‍മാരെയും ഏത് വിധത്തില്‍ ബാധിക്കുമെന്നത് രാജ്യത്തിന്റെ ആരോഗ്യ സേവനങ്ങളെ തന്നെ നിശ്ചയിക്കുന്ന നിലയിലാണ്.
പുതിയ കുടിയേറ്റക്കാരെ മാത്രമല്ല യുകെയില്‍ നിയമപരമായി എത്തിയ 2 മില്ല്യണ്‍ കുടിയേറ്റക്കാരെയും പുതിയ നയങ്ങള്‍ ബാധിക്കുമെന്നതാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശങ്ക സമ്മാനിക്കുന്നത്. ചിലര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകേണ്ടിയും വരുമെന്നത് കുടുംബങ്ങളെ ഭയപ്പാടിലാക്കുന്നു.
ഗവണ്‍മെന്റിന്റെ കണ്‍സള്‍ട്ടേഷനില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പ്രഖ്യാപിച്ചു. 130,000-ഓളം പ്രതികരണങ്ങള്‍ ലഭിച്ചതായി ഹോം സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഐഎല്‍ആര്‍ ലഭിക്കാനുള്ള യോഗ്യതാ കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്നും പത്ത് വര്‍ഷമായാണ് ഉയര്‍ത്തുന്നത്. സാമ്പത്തിക സംഭാവന നല്‍കുന്നതിലൂടെ കുടിയേറ്റക്കാര്‍ക്ക് സെറ്റില്‍മെന്റ് നേടാമെന്നതാണ് പുതിയ വ്യവസ്ഥ.
പദ്ധതികള്‍ നിലവിലുള്ള യുകെയിലെ കുടിയേറ്റ ജോലിക്കാരെ ബാധിക്കരുതെന്ന് ആവശ്യപ്പെട്ട് 35 ലേബര്‍ എംപിമാരും, 17 മറ്റ് പാര്‍ട്ടികളും, സംഘടനകളും ഒപ്പിട്ട കത്ത് ഹോം സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ട്. യുകെയില്‍ ചുവടുറപ്പിച്ച് രാജ്യത്തിന് സംഭാവന ചെയ്തവരോട് മാന്യത കാണിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ അഞ്ച് വര്‍ഷത്തെ യോഗ്യതാ പരിധി പത്ത് വര്‍ഷമായി ഉയര്‍ത്തിയത് ഉള്‍പ്പെടെ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് ഹോം സെക്രട്ടറി കോമണ്‍സ് കമ്മിറ്റി മുന്‍പാകെ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉയര്‍ത്തുന്നതും സുപ്രധാന മാറ്റണാ് ഇംഗ്ലീഷ് ലാംഗ്വേജ് ലെവല്‍ ബി1 എന്നതില്‍ നിന്നും ബി2-ലേക്ക് ഉയരും. ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും അപേക്ഷകര്‍ 12,570 പൗണ്ട് വാര്‍ഷിക വരുമാനം നേടിയിരിക്കണം.
എന്നാല്‍ ഈ മാറ്റം ഫാമിലി വിസയിലും, വര്‍ക്ക് ഡിപ്പന്‍ഡന്റ് വിസയിലും ഉള്ളവരെ ബാധിക്കുമ്പോള്‍ ഇവര്‍ക്ക് ഐഎല്‍ആറിന് യോഗ്യതയില്ലാതാകും. 10 വര്‍ഷമാണ് യോഗ്യതാ പരിധിയെങ്കിലും പലര്‍ക്കും ഇതില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരും.
ഗ്രാജുവേറ്റ് ലെവലില്‍ താഴെയുള്ള വര്‍ക്ക് വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 15 വര്‍ഷമാണ് കാത്തിരിപ്പ് വേണ്ടിവരിക. കെയര്‍ വര്‍ക്കര്‍ വിസയിലുള്ളവര്‍ ഈ കാറ്റഗറിയില്‍ വരുന്നതിനാല്‍ ഈ കാത്തിരിപ്പ് തിരിച്ചടിയാകും.
അതേസമയം, ഗ്രാജുവേറ്റ് ലെവല്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, ടീച്ചേഴ്‌സ് തുടങ്ങിയവര്‍ക്ക് യോഗ്യതാ പരിധി അഞ്ച് വര്‍ഷമായി തന്നെ തുടരും. 125,140 പൗണ്ടിന് മുകളിലാണ് വരുമാനമെങ്കില്‍ ഇത് 3 വര്‍ഷമായും കുറയ്ക്കും.
എന്നാല്‍ ഇവരുടെ ഡിപ്പന്‍ഡന്റ്‌സിന് ഐഎല്‍ആര്‍ ലഭിക്കാന്‍ 10 വര്‍ഷം വേണ്ടിവരും. ഇത് ഒഴിവാക്കാന്‍ ഡിപ്പന്‍ഡന്റ്‌സ് 50,270 പൗണ്ടിന് മുകളില്‍ വരുമാനമുള്ള ജോലി കണ്ടെത്തുകയോ, പബ്ലിക് സെക്ടര്‍ ജോലി നേടുകയോ ചെയ്യണം. നോണ്‍-ഗ്രാജുവേറ്റ് ജോലികള്‍ ചെയ്യുന്നവരുടെ ഡിപ്പന്‍ഡന്റ്‌സിന് 15 വര്‍ഷവും കാത്തിരിക്കേണ്ടി വരുമെന്നതാണ് അവസ്ഥ.



Be the first to comment