സഹാറയില്‍ നിന്ന് യുകെയിലേയ്ക്ക് പൊടിക്കാറ്റ് വരുന്നു; ഉടന്‍ ചുവപ്പ് മഴ; താപനില 18 ഡിഗ്രി വരെയാകും

യുകെ: കാറ്റും മഴയും വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും അനുഭവിച്ചുവരുന്ന ബ്രിട്ടനില്‍ ഇനി അടുത്തത് ചുവപ്പു മഴ. സഹാറയില്‍ നിന്ന് യുകെയിലേയ്ക്ക് ചുവപ്പു പൊടിക്കാറ്റ് എത്തുന്നതിന്റെ ഫലമായാണ് ഈ പ്രതിഭാസം. സഹാറയില്‍ നിന്നുള്ള ചുവന്ന ധൂളികള്‍ അന്തരീക്ഷത്തില്‍ എത്തുന്നതോടെയാണ് യുകെയില്‍ ഇത് സംഭവിക്കുക. കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിട്ടറിംഗ് സെര്‍വീസിലെ (കാംസ്) ശാസ്ത്രജ്ഞര്‍ ആണ് ബ്രിട്ടനില്‍ വൈകാതെ ചുവപ്പുഴയുണ്ടാവും എന്ന് അറിയിച്ചിരിക്കുന്നത്.

ചുവപ്പു ധൂളികളും വഹിച്ചുള്ള വായുപ്രവാഹം ഇപ്പോള്‍ യൂറോപ്പിലൂടെ യുകെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ബ്രിട്ടനില്‍, ഇപ്പോഴും തുടരുന്ന മഴയുമായി ഈ പൊടിപടലങ്ങള്‍ കലരുമ്പോള്‍, ചുവപ്പ് നിറത്തിലുള്ള വെള്ളമായിരിക്കും നിലത്തു പതിക്കുക. രക്തമഴ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കും എന്നതല്ലാതെ ഈ പ്രതിഭാസം കൊണ്ട് വലിയ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മഴപെയ്‌തൊഴിഞ്ഞ്, മഴവെള്ളം വറ്റിക്കഴിഞ്ഞാല്‍ വെള്ളം വീണ പ്രതലങ്ങളില്‍ ചുവപ്പ് പാട ആവരണം ചെയ്യപ്പെട്ടതായി കാണും. ഇത് എളുപ്പം നീക്കം ചെയ്യാന്‍ കഴിയുന്നതാണെന്നും അവര്‍ പറയുന്നു.

ഈയാഴ്ച അന്തരീക്ഷോഷ്മാവ് 18 ഡിഗ്രി വരെയായി ഉയരു എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ ഇപ്പോള്‍ പറയുന്നത്. കൂടെക്കൂടെയുള്ള കൊടുങ്കാറ്റും മഴയും നിറഞ്ഞ മാസങ്ങള്‍ക്ക് ശേഷം ബ്രിട്ടനിലെ ഇരുണ്ട കാലാവസ്ഥ മാറുമെന്നും അവര്‍ പറയുന്നു. തെളിഞ്ഞ കാലാവസ്ഥയ്‌ക്കൊപ്പം അന്തരീക്ഷ താപനില കൂടുകയും ചെയ്യും.

ഇന്നലെ തെക്കന്‍ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും താപനില 13 ഡിഗ്രി വരെ എത്തിയിരുന്നു. ഇന്ന് അത് 14 ഡിഗ്രി ആയി ഉയരും. ബുധനാഴ്ച ആകുമ്പോഴേക്കും താപനില 18 ഡിഗ്രി വരെയായി ഉയര്‍ന്നേക്കാം. പിന്നീട് താപനില കുറയുവാന്‍ തുടങ്ങും. വ്യാഴാഴ്ച 14 ഡിഗ്രിയിലേക്ക് താഴുന്ന താപനില വെള്ളിയാഴ്ച 13 ഡിഗ്രിയില്‍ എത്തും. തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്നെത്തുന്ന കാറ്റ് ഈ ഊഷ്മളമായ കാലാവസ്ഥയെ നിലനിര്‍ത്തും.

അതേസമയം, ഇന്നലെ രാജ്യത്തിന്റെ വടക്ക പ്രദേശങ്ങളില്‍ ഇന്നലെയും മഴ അനുഭവപ്പെട്ടു. ഇന്നും, ഈ മേഖലയില്‍ ദിവസം ആരംഭിക്കുക മഴയോടെയായിരിക്കും. പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ആകാശം മേഘാവൃതമായിരിക്കും. സ്‌കോട്ട്‌ലന്‍ഡിലും ഇന്ന് തുടര്‍ച്ചയായി മഴ അനുഭവപ്പെടും. വടക്കന്‍ പ്രദേശങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലും വ്യാഴാഴ്ചയും മഴ തുടരും.

Be the first to comment

Leave a Reply

Your email address will not be published.


*