യുക്രെയ്ൻ സമാധാന ചർച്ച റഷ്യയിൽ ആരംഭിച്ചു: യുദ്ധം അവസാനിപ്പിക്കാൻ പുടിൻ ഉദേശിക്കുന്നില്ലെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രതിനിധി സംഘവും തമ്മിലുള്ള യുക്രെയ്ൻ സമാധാന ചർച്ച റഷ്യയിൽ ആരംഭിച്ചു. സ്റ്റീവ് വിറ്റ്കോഫും ജാരഡ് കുഷ്നറും നേതൃത്വം നൽകുന്ന പ്രതിനിധി സംഘമാണ് പുടിനുമായി ചർച്ച നടത്തുന്നത്. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ പുടിൻ ഉദ്ദേശിക്കുന്നില്ലെന്നാണ് കൂടിക്കാഴ്ചയിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പ്രതികരിച്ചു.

ശൈത്യകാലത്തും യുദ്ധം തുടരുമെന്നാണ് പുടിൻ സൂചിപ്പിക്കുന്നത്, ഇനി ബലം പ്രയോഗിച്ച് മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കൂ എന്നും ആൻഡ്രി സിബിഹ എക്സിൽ കുറിച്ചു. ഫ്‌ളോറിഡയിലെ മയാമിയിൽ യുക്രെയ്‌ന്റെ റസ്റ്റം ഉമ്രോവ് നയിക്കുന്ന പ്രതിനിധി സംഘവുമായി രണ്ടു ദിവസങ്ങളിലായി അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ട്രംപിന്റെ മരുമകൻ ജെറാൾഡ് കുഷ്‌നറും തമ്മിൽ നടത്തിയ ചർച്ചകൾക്കുശേഷമാണ് മോസ്‌കോയിൽ അമേരിക്കയും റഷ്യയും തമ്മിൽ ചർച്ചകൾ നടക്കുന്നത്.

ഇന്നലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി നടത്തിയ ചർച്ചകൾക്കുശേഷം യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി യുക്രെയ്‌ന്റെ പരമാധികാരം സംരക്ഷിക്കുന്നതും സുരക്ഷാഗ്യാരണ്ടി ഉറപ്പാക്കുന്നതുമാണ് പരിഷ്‌കരിച്ച സമാധാനപദ്ധതി എന്നാണ് വ്യക്തമാക്കിയത്. കിഴക്കൻ ഡോൺബാസ് മേഖലയിലെ പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുനൽകില്ലെന്ന് ആവർത്തിച്ച സെലൻസ്‌കി ആ പ്രശ്‌നം കീറാമുട്ടിയായി അവശേഷിക്കുകയാണെന്നും പറഞ്ഞു. അന്തിമസമാധാനപദ്ധതിയെപ്പറ്റി പറയാനുള്ള സമയമായിട്ടില്ലെന്നും യുക്രെയ്‌ന്റെ കാര്യങ്ങളിൽ അന്തിമമായി തീരുമാനമെടുക്കേണ്ടത് സെലൻസ്‌കിയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*