തലച്ചോറിനെ ഹൈജാക്ക് ചെയ്യുന്ന ചിപ്‌സും കുക്കീസും സോഡയും! അഡിക്ഷൻ മയക്കുമരുന്നിനോളം, പഠനം പറയുന്നത്

ന്യൂഡല്‍ഹി : ചിപ്‌സും കുക്കീസും സോഡയുമൊക്കെ ഇഷ്‌ടമാണോ? കടകളിലെ ചില്ലുകൂട്ടില്‍ ഇവ കാണുമ്പോള്‍ വാങ്ങാൻ ‘കൈ തരിക്കുകയും’ കഴിക്കാൻ മനസ് പ്രലോഭിപ്പിക്കുകയും ചെയ്യാറുണ്ടോ? എങ്കില്‍ നിങ്ങള്‍ ഇതറിയണം, ഒരു മദ്യപാനിയ്‌ക്ക് സമാനമായി നിങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

നിങ്ങളില്‍ ആസക്തിയും അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കാൻ ഇവയ്‌ക്ക് അനായാസം സാധിക്കും. രോഗ നിർണയ സംവിധാനങ്ങളില്‍ ഇവ കണ്ടെത്താനാകുമോ എന്ന് ചോദിച്ചാല്‍ ഇല്ലതാനും. ഈ ഒരു സാഹചര്യം ആഗോള പൊതുജനാരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചില്ലറയല്ല.

‘ആളുകള്‍ പഴങ്ങള്‍ക്കോ ചോറിനോ ഒന്നും അടിമപ്പെടുന്നില്ല. ഒരു മയക്കുമരുന്ന് പോലെ തലച്ചോറിനെ ബാധിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്യപ്പെട്ട വ്യാവസായിക ഉത്‌പന്നങ്ങള്‍ക്ക് ആളുകള്‍ നിരന്തരം വശംവദരാകുകയാണ്’ -യുഎസിലെ മിഷിഗൺ സർവകലാശാലയിലെ സൈക്കോളജി പ്രൊഫസറും എഴുത്തുകാരിയുമായ ആഷ്‌ലി ഗിയർഹാർഡ് പറഞ്ഞു.

36 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 300 പഠനങ്ങള്‍ നടത്തി നേച്ചർ മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധവും ഇത് വ്യക്തമാക്കുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ തലച്ചോറിന്‍റെ പ്രതിഫല സംവിധാനത്തെ ഹൈജാക്ക് ചെയ്യുന്നു. അവ നിങ്ങളില്‍ ആസക്തി ഉണ്ടാക്കും, ക്രമേണ നിങ്ങള്‍ക്ക് നിയന്ത്രണം നഷ്‌ടപ്പെടുകയും ചെയ്യും. ദോഷകരമായ പ്രത്യാഘാതങ്ങള്‍ക്കിടയിലും നിങ്ങളെ കൊണ്ട് വീണ്ടും വീണ്ടും അതേ ഉത്‌പന്നം വാങ്ങി ഉപയോഗിക്കാൻ തോന്നിപ്പിക്കുന്ന ഒരുതരം ലഹരി ഉണ്ട് അവയില്‍ എന്ന് പഠനം പറയുന്നു. ഇത്തരം ഭക്ഷണ പദാർഥങ്ങള്‍ അമിതമായോ സ്ഥിരമായോ കഴിക്കുന്ന ആളുകളില്‍ മദ്യം, കൊക്കെയ്‌ൻ ആസക്തിക്ക് സമാനമായ തലച്ചോറിലെ പ്രശ്‌നങ്ങളും ഉണ്ടാകുന്നുവെന്ന് ന്യൂറോ ഇമേജിങ് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

സംസ്‌കരിച്ച ഭക്ഷണങ്ങളോടുള്ള അമിത ആസക്തി കുറക്കാനായി നല്‍കുന്ന മരുന്നുകള്‍ മയക്കുമരുന്നിന്‍റെ ഉപയോഗം കുറക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നൈട്രസ് ഓക്സൈഡ്, കഫീൻ തുടങ്ങിയവയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന അവസ്ഥകള്‍ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്‍റൽ ഡിസോർഡേഴ്‌സിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആവശ്യമായ പഠനങ്ങള്‍ ഉണ്ടായിട്ടും വർധിച്ചുവരുന്ന സംസ്‌രിച്ച ഭക്ഷണങ്ങളോടുള്ള ആസക്തി എവിടെയും അഭിസംബോധന ചെയ്യപ്പെടുന്നില്ലെന്നാണ് ആഷ്‌ലി ഗിയർഹാർഡിന്‍റെയും സംഘത്തിന്‍റെയും ആക്ഷേപം.

മറ്റ് കാര്യങ്ങളോടുള്ള ആസക്തിയുമായി ബന്ധപ്പെട്ട് അത് മനസിലാക്കാന്‍ മാർഗമുണ്ട്. എന്നാല്‍ സംസ്‌കരിച്ച ഭക്ഷണങ്ങളുടെ കാര്യത്തില്‍ ഇത്തരം വസ്‌തുക്കളോടുള്ള ആസക്തി മനസിലാക്കാൻ തടസം ഏറെയാണ്. ഈ ഭക്ഷണ ഉത്‌പന്നങ്ങളോടുള്ള ആസക്തിയെ അതേ ശാസ്‌ത്രീയ നിലവാരത്തില്‍ കാണേണ്ട സമയമാണിതെന്ന് ഡ്രെക്‌സൽ യൂണിവേഴ്‌സിറ്റിയിലെ സെന്‍റർ ഫോർ വെയ്റ്റ്, ഈറ്റിങ് ആൻഡ് ലൈഫ്സ്റ്റൈൽ സയൻസിലെ അസിസ്റ്റന്‍റ് റിസർച്ച് പ്രൊഫസറായ എറിക്ക ലഫാറ്റ പറഞ്ഞു.

സംസ്‌കരിച്ച ഭക്ഷണ സാധനങ്ങളോടുള്ള ആസക്തി തിരിച്ചറിയാനും ചികിത്സയ്‌ക്കും സാധ്യമായതെല്ലാം ചെയ്യണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നുണ്ട്. പുകയില നിയന്ത്രണത്തിൽ ഉപയോഗിക്കുന്നതുപോലുള്ള സംരക്ഷണ നടപടികൾ നടപ്പിലാക്കണമെന്നും ആവശ്യമുണ്ട്. മാർക്കറ്റുകളില്‍ കുട്ടികള്‍ക്കുള്ള നിയന്ത്രണം, വ്യക്തമായ ലേബലിങ്, പൊതുവിദ്യാഭ്യാസം എന്നിവയും സംഘം ആവശ്യപ്പെടുന്നു.

‘എല്ലാ ഭക്ഷണവും ആസക്തി ഉളവാക്കുന്നതാണെന്ന് ഞങ്ങൾ പറയുന്നില്ല, സംസ്‌കരിച്ച പല ഭക്ഷണങ്ങളും ആസക്തി ഉളവാക്കാൻ രൂപകല്‍പന ചെയ്‌തിട്ടുള്ളതാണ്. അത് നമ്മള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ആളുകളെ, പ്രത്യേകിച്ച് കുട്ടികളെ ഇത് വളരെ ദോഷകരമായി ബാധിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*