എറണാകുളം: കലൂർ സ്റ്റേഡിയത്തിൽ വെച്ചുണ്ടായ അപകടത്തിൽ തൃക്കാക്കര എംഎൽഎ ഉമ തോമസിന് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട കേസ് നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പരിപാടിയുടെ സംഘാടകരായ ഓസ്കർ ഇവൻ്റ് മാനേജ്മെൻ്റ് ഉടമ ജനീഷ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
പാലാരിവട്ടം പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉടമ കോടതിയെ സമീപിച്ചത്. ഹർജിയിൽ അന്തിമ തീരുമാനം വരുന്നത് വരെ കേസിൻ്റെ തുടർനടപടികൾ കോടതി തടഞ്ഞു.
2024 ഡിസംബർ 29-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഒരു നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഉമ തോമസ് വീണത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്‌റ്റേഡിയത്തിൽ 12,000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്ത സന്ധ്യയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എംഎല്‍എ. വിഐപി ഗാലറിയിൽ മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവരോട് സംസാരിച്ച് നില്‍ക്കുന്നതിനിടെ എംഎൽഎ കാല്‍ വഴുതി വീഴുകയായിരുന്നു. ഒരു നില കെട്ടിടത്തിന്‍റെ ഉയരത്തിൽ നിന്ന് പത്തടിയോളം താഴ്‌ചയിലേക്കാണ് എംഎൽഎ പതിച്ചത്. കോണ്‍ക്രീറ്റില്‍ തലയിടിച്ചാണ് വീണത്. ഗാലറിയിൽ കയർ ഉപയോഗിച്ച് ബാരിക്കേഡ് ചെയ്ത ഭാഗത്ത് മതിയായ സ്ഥലമില്ലാതിരുന്നതും സുരക്ഷാ വേലികളുടെ അഭാവവുമാണ് അപകടത്തിന് കാരണമായതെന്ന് അന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അപകടത്തിൽ എംഎൽഎയുടെ നില അതീവ ഗുരുതരമായിരുന്നു. തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർച്ചയായ ആറ് ദിവസത്തോളം വെൻ്റിലേറ്ററിൽ കഴിയേണ്ടി വന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് റീഹാബിലിറ്റേഷൻ ഉൾപ്പെടെയുള്ള ദീർഘകാല ചികിത്സകൾക്ക് ശേഷമാണ് ഉമ തോമസ് പൊതുരംഗത്തേക്ക് മടങ്ങി വന്നത്.
സംഭവത്തിൽ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പാലാരിവട്ടം പൊലീസ് കേസെടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. എന്നാൽ, തനിക്കെതിരെയുള്ള നടപടികൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് ഇവൻ്റ് മാനേജ്മെൻ്റ് ഉടമയുടെ വാദം.
അപകടത്തെത്തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾക്കും മാനസിക വിഷമങ്ങൾക്കും പരിഹാരമായി രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് നേരത്തെ രംഗത്തെത്തിയിരുന്നു. അപകടത്തിൻ്റെ ഉത്തരവാദികളെ പോലും കണ്ടെത്താനായില്ലെന്നും പരിപാടിക്ക് അനുമതി നല്‍കിയതില്‍ വ്യക്തതയില്ലെന്നും ഹര്‍ജിയില്‍ ഉമ തോമസ് പറഞ്ഞിരുന്നു. കൊച്ചി കോർപറേഷൻ, ജിസിഡിഎ, സംഘാടകരായ മൃദംഗവിഷൻ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. മതിയായ സുരക്ഷയൊരുക്കാതെ പരിപാടി നടത്തിയ മൃദംഗവിഷനും അനുമതി നൽകിയ കോർപറേഷനും ജിസിഡിഎയും ഉത്തരവാദിത്തം നിർവഹിച്ചില്ലെന്നാണ് ഉമ തോമസിൻ്റെ ആരോപണം. കേസ് നടപടികൾ സ്റ്റേ ചെയ്ത സാഹചര്യത്തിൽ, ഹൈക്കോടതിയുടെ അടുത്ത നീക്കം ഈ വിഷയത്തിൽ നിർണായകമാകും.



Be the first to comment