ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തല്‍സമയം സാരഥി സോഫ്റ്റ്വേറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കും വിധമാണ് ക്രമീകരണം. പുതിയ സംവിധാനം ഉടന്‍ നടപ്പാകും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 294 ലാപ്‌ടോറുകള്‍ വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചു.

നിലവില്‍ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ നിന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. രാവിലെ ടെസ്റ്റ് നടന്നാലും ലൈസന്‍സ് വിതരണം വൈകും. പുതിയ സംവിധാനം വരുന്നതോടെ ടെസ്റ്റ് ഫലം ആ സമയത്ത് തന്നെ ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കും. പാസാകുന്നവര്‍ക്ക് ഉടന്‍തന്നെ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ എടുക്കാനാകും.

മുന്‍കാലത്ത് ലൈസന്‍സ് പ്രിന്റ് ചെയ്ത് നല്‍കുന്നതില്‍ മാസങ്ങളോളം കാലതാമസം വന്നിരുന്നു. ടെസ്റ്റ് പാസായി മാസങ്ങള്‍ കഴിഞ്ഞായിരിക്കും ലൈസന്‍സ് കയ്യില്‍ കിട്ടുക. ഈ കാലതാമസം ഒഴിവാക്കാനായിരുന്നു പിന്നീട് ഡിജിറ്റല്‍ പകര്‍പ്പിലേക്ക് മാറ്റിയത്.

Be the first to comment

Leave a Reply

Your email address will not be published.


*