
ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇക്കോസിസ്റ്റത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി. ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാകും. രാജ്യത്തെ യുപിഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം എന്നിവ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് എന്‍പിസിഐ വ്യക്തമാക്കുന്നത്. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ, ഉള്‍പ്പെടെയുള്ള പേയ്മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ ബാധകമാകും.
പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ പേയ്‌മെന്റുകള്‍ നടത്തുന്നത്, ഓട്ടോ പേ, ബാലന്‍സ് പരിശോധന എന്നിവയില്‍ ഉള്‍പ്പെടെ മാറ്റങ്ങളുണ്ടാകും. യുപിഐ ആപ്പുകളില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് എന്‍പിസിഐ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.
യുപിഐ വഴി ദിവസേനയുള്ള ബാലന്‍സ് റിക്വസ്റ്റുകള്‍ക്ക് പരിധി നിശ്ചയിച്ചു
ഓരോ ഉപഭോക്താവിനും 24 മണിക്കൂര്‍ കാലയളവിനുള്ളില്‍ ഒരു പേയ്‌മെന്റ് ആപ്പില്‍ പ്രതിദിനം 50 തവണ ബാലന്‍സ് പരിശോധിക്കാം. ഈ റിക്വസ്റ്റുകള്‍ ആപ്പ് അല്ലെങ്കില്‍ സിസ്റ്റം സ്വയമേവ ആരംഭിക്കരുത്. ഉപഭോക്താവ് മാത്രമേ ആരംഭിക്കാവൂ. പീക്ക് സമയങ്ങളില്‍ സിസ്റ്റം ലോഡ് കുറയ്ക്കുന്നതിന്, ആവശ്യമുള്ളപ്പോള്‍ ബാലന്‍സ് പരിശോധനകള്‍ പരിമിതപ്പെടുത്താനോ നിര്‍ത്താനോ യുപിഐ ആപ്പുകള്‍ക്ക് സാധിക്കണം. കൂടാതെ, ഓരോ വിജയകരമായ യുപിഐ ഇടപാടിനുശേഷവും സ്ഥിരീകരണ സന്ദേശത്തില്‍ ലഭ്യമായ അക്കൗണ്ട് ബാലന്‍സ് ഉള്‍പ്പെടുത്താന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരു യുപിഐ ആപ്പില്‍ ദിവസം 25 തവണയില്‍ കൂടുതല്‍ പരിശോധിക്കാന്‍ കഴിയില്ല. ബില്‍ പേയ്‌മെന്റ്, എസ്‌ഐപി, പോലുള്ള ഓട്ടോമാറ്റിക് ഇടപാടുകള്‍ക്ക് ദിവസം മൂന്ന് ടൈം സ്ലോട്ടുകള്‍ നല്‍കും. രാവിലെ പത്തിന് മുന്‍പ്, ഉച്ചയ്ക്ക് ഒരു മണിക്കും അഞ്ചു മണിക്കും ഇടയില്‍, രാത്രി 9.30ന് ശേഷം എന്നിങ്ങനെയാണ് സ്ലോട്ട്. ഇടപാട് പെന്‍ഡിങ് എന്ന് കണ്ടാല്‍ സ്റ്റാറ്റസ് പരിശോധിക്കുന്നത് പരമാവധി മൂന്ന് തവണയായി നിജപ്പെടുത്തി. ഒരുതവണ പരിശോധിച്ച് 90 സെക്കന്‍ഡ് കഴിഞ്ഞ് മാത്രമേ അടുത്ത റിക്വസ്റ്റ് നല്‍കാനാകൂ.
Be the first to comment