സംസ്ഥാനത്ത് നഴ്സുമാര്‍ക്ക് ഏകീകൃത ഷിഫ്റ്റ്

തിരുവനന്തപുരം : കിടക്കകളു ടെ എണ്ണം കണക്കിലെടുക്കാതെ, സംസ്ഥ‌ാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും 6-6-12 മണിക്കൂർ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്നു സർക്കാർ ഉത്തരവ്. 100 കിടക്കയിലധികമുള്ള സ്വകാര്യ ആശുപത്രികളിൽ മാത്രമായിരുന്നു ഇതുവരെ പകൽ 6 മണിക്കൂർ വീതവും, രാത്രി 12 മണിക്കൂറും എന്ന ഷിഫ്റ്റ് സമ്പ്രദായമുണ്ടായിരുന്നത്. വി.വീരകുമാർ കമ്മിറ്റിയുടെ ശുപാർശയനുസരിച്ചു 2021ൽ പുറത്തിറക്കിയ ഉത്തരവാണ് എല്ലാ സ്വകാര്യ ആശുപത്രികൾക്കും ബാധകമാക്കിയത്. ഇതോടെ, സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപ്രതികളിലും നഴ്സു‌മാർക്ക് ഒരേ ഷിഫ്റ്റ് സമ്പ്രദായമായി.

നഴ്സു‌മാരുടെ സമരത്തെത്തുടർന്നാണു സ്വകാര്യ മേഖലയിലെ നഴ്സു‌മാരുടെ ജോലിസമയം സംബന്ധിച്ചു പഠനം നടത്താൻ മുൻ ജോയിൻ്റ് ലേബർ കമ്മിഷ ണർ വി.വീരകുമാർ അധ്യക്ഷനായ കമ്മിറ്റിയെ 2012 നവംബറിൽ സർക്കാർ നിയോഗിച്ചത്. 100 കിടക്കയിലധികമുള്ള ആശു പത്രികളിൽ 6-6-12 മണിക്കൂർ ഷിഫ്റ്റ് നടപ്പാക്കണമെന്നതുൾപ്പെടെ, നഴ്‌സുമാർക്കും മറ്റു ജീവനക്കാർക്കും അനുകൂലമായ പല ശുപാർശകളും കമ്മിറ്റി നൽകിയെങ്കിലും ഇത് അംഗീകരിച്ചുകിട്ടാൻ നഴ്സു‌മാർക്കു വീണ്ടും സമരം നടത്തേണ്ടിവന്നു. 2018ൽ തീരുമാനമെടുത്ത സർക്കാർ, ഉത്തരവിറക്കിയതു 2021 ലാണ്.

കിടക്കകളുടെ എണ്ണം 50 ആയി നിശ്ചയിക്കണമെന്ന ആവശ്യവുമായി നഴ്സു‌മാർ അടുത്തിടെ തൊഴിൽ വകുപ്പിനെ സമീപിച്ചിരുന്നു. സ്വകാര്യ ആശുപത്രി ഉടമകളുടെയും ജീവനക്കാരുടെയും തൊഴിൽ വകുപ്പിന്റെയും പ്രതിനിധികളടങ്ങിയ വ്യവസായബന്ധ സമിതിയുടെ (ഐആർസി) യോഗം ഓഗസ്റ്റിൽ ലേബർ കമ്മിഷണർ വിളിച്ചുചേർത്തു. വിരകുമാർ കമ്മിറ്റിയുടെ ശുപാർശ, കിടക്കകളുടെ എണ്ണം പരിഗണിക്കാതെ നടപ്പാക്കാൻ ഈ യോഗത്തിലാണു ധാരണയായത്. ലേബർ കമ്മിഷണറുടെ ശുപാർശ സ്വീകരിച്ചു കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കി. നഴ്സുമാരുടെ ട്രേഡ് യൂണിയനുകളുടെ സമ്മതത്തോടെ, അവശ്യസാഹചര്യത്തിൽ സമയത്തിൽ വ്യത്യാസം വരുത്തുന്നതിനു തടസ്സമില്ല.

100 കിടക്കകളിൽ കുറവുള്ള സ്വകാര്യ ആശുപത്രികളിലും നിലവിൽ ഷിഫ്റ്റ് സമ്പ്രദായം (8 മണിക്കൂർ വീതം) ഉണ്ടെങ്കിലും പലയിടത്തും കൃത്യമായി നടപ്പാക്കുന്നില്ല. 2021 ലെ ഉത്തരവിൽ ഉൾപ്പെടാത്തതിനാൽ, തങ്ങൾക്കു ഷിഫ്റ്റ് സമ്പ്രദായം ബാധകമല്ലെന്നു ചില ആശുപത്രികൾ വാദിച്ചതും ഉത്തരവിൽ ഭേദഗതി വരുത്താൻ ഒരു കാരണമായി.അസമയത്തു ജീവനക്കാർക്കു വീട്ടിലെത്താൻ ഗതാഗത സൗക ര്യമില്ലെങ്കിൽ വിശ്രമമുറി നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*