ന്യൂഡല്‍ഹി: അതിർത്തികൾ സ്ഥിരമല്ലെന്നും ഭാവിയിൽ സിന്ധ് പ്രദേശം ഇന്ത്യയിലേക്ക് വന്നേക്കാമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സിന്ധ് മേഖല ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം. എന്നാൽ അതിർത്തികൾ മാറുകയും സിന്ധ് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും ചെയ്‌തേക്കാം. കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിൽ സിന്ധി സമാജ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
‘ഇന്ന് സിന്ധ് മേഖല ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, പക്ഷേ ഇന്ത്യൻ നാഗരികതയിൽ, സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം, അതിർത്തികൾ മാറിയേക്കാം. നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയേക്കാം’. സിന്ധി ഹിന്ദുക്കൾ, പ്രത്യേകിച്ച് എൽ കെ അഡ്വാനിയെപ്പോലുള്ള നേതാക്കളുടെ തലമുറയിൽപ്പെട്ടവർ സിന്ധ് മേഖലയെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
1947-ലെ വിഭജനത്തിന് പിന്നാലെയാണ്, സിന്ധുനദിയോടു ചേര്‍ന്ന് കിടക്കുന്ന പ്രവിശ്യയായ സിന്ധ് മേഖല പാകിസ്ഥാന്റെ ഭാഗമായത്. ‘സിന്ധിൽ മാത്രമല്ല ഇന്ത്യയിലുടനീളം ഹിന്ദുക്കൾ സിന്ധു നദിയെ പവിത്രമായി കണക്കാക്കുന്നു. സിന്ധിലെ മുസ്‌ലിംകളും സിന്ധു നദിയിലെ ജലം മക്കയിലെ സംസം ജലം പോലെ പവിത്രമെന്ന് കരുതുന്നവരാണ്. ഇത് അഡ്വാനിജിയുടെ പരാമർശമാണ്’- രാജ്‌നാഥ് സിങ് പറഞ്ഞു. വിഭജനത്തോട് പൊരുത്തപ്പെടാൻ സിന്ധി ഹിന്ദുക്കൾക്ക് ബുദ്ധിമുട്ടേണ്ടി വന്നിരുന്നുവെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.



Be the first to comment