വിഎസിന് ആദരമർപ്പിക്കാൻ കേന്ദ്രസര്‍ക്കാർ; സംസ്‌കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി പങ്കെടുക്കും

അന്തരിച്ച സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍റെ സംസ്‌കാര ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി പങ്കെടുക്കും. മുൻ മുഖ്യമന്ത്രി എന്ന നിലക്കാണ് ആദരവ് അർപ്പിക്കാൻ പ്രത്യേക പ്രതിനിധിയെ അയയ്ക്കുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ വി.എസിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

വി എസ് ആദർശ ധീരതയുള്ള നേതാവായിരുന്നുവെന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത്. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്‌മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.

അതേസമയം മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നത്. സംസ്ഥാനത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3.20ന് ആയിരുന്നു വി എസ് അച്യുതാനന്ദന്റെ അന്ത്യം. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയിൽ ചികിത്സയിലായിരുന്നു വി എസ്. ഒരു മാസക്കാലമായി തിരുവനന്തപുരം പട്ടം SUT ആശുപത്രിയിലായിരുന്ന വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു. ഒരു നൂറ്റാണ്ടിന്റെ വിപ്ലവജീവിതത്തിനാണ് തിരശീല വീണത്.

രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആയിരങ്ങളാണ് രാത്രി ഏറെ വൈകിയും വിഎസിനെ അവസാനമായി കാണാനായി എകെജി സെന്ററിലെത്തിയത്. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയചുടുകാടിലാണ് സംസ്കാരം.

Be the first to comment

Leave a Reply

Your email address will not be published.


*