
തൃശൂര്‍: സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതില്‍ ഒറ്റ നിലപാടേ ഉള്ളൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ അല്ലെങ്കില്‍ തൃശൂരിലാണ് എയിംസ് സ്ഥാപിക്കേണ്ടത്. ഇക്കാര്യം 2016 ലേ പറഞ്ഞിട്ടുള്ളതാണ്. എയിംസ് ഏതു ജില്ലയിലാണെങ്കിലും കുഴപ്പമില്ലെന്ന് എം ടി രമേശ് വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
എയിംസ് തുടങ്ങാന്‍ യോഗ്യമായ പ്രദേശം ആലപ്പുഴയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ട് കൊണ്ടുവരണം. രാഷ്ട്രീയ ലക്ഷ്യത്തോടെ എയിംസ് ആലപ്പുഴയില്‍ വേണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നിര്‍ബന്ധമായും തൃശൂരില്‍ കൊണ്ടുവരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ എയിംസ് വിഷയത്തില്‍ സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് രംഗത്തു വന്നിരുന്നു. കേരളത്തില്‍ എയിംസ് വേണമെന്നാണ് ബിജെപി നിലപാട്. ഏത് ജില്ലയില്‍ ആണെങ്കിലും സ്വാഗതം ചെയ്യും. തൃശൂരിലോ ആലപ്പുഴയിലോ ഇല്ലെങ്കില്‍ തമിഴ്‌നാട്ടിലേക്ക് പോയിക്കോട്ടെ എന്ന സുരേഷ് ഗോപിയുടെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. അത്തരത്തിലുള്ള നിലപാട് ബിജെപിക്ക് ഇല്ലെന്നും എം ടി രമേശ് പറഞ്ഞിരുന്നു.
എയിംസ് എവിടെ സ്ഥാപിക്കണമെന്നു തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. മാനദണ്ഡങ്ങളനുസരിച്ചായിരിക്കും കേന്ദ്രം തീരുമാനമെടുക്കുന്നത്. എയിംസ് കേരളത്തിനാണാവശ്യം. ഒരു ജില്ലയിലെ ആളുകള്‍ക്കല്ല, കേരളത്തിനാണ് എയിംസ് നല്‍കുന്നത്. തൃശൂരിലോ ആലപ്പുഴയിലോ ഇല്ലെങ്കില്‍ തമിഴ്‌നാട്ടിലേക്കു പോയിക്കോട്ടെ എന്നെല്ലാം സുരേഷ് ഗോപി പറഞ്ഞത് വ്യക്തിപരമാണ്. അത്തരം അഭിപ്രായം ബിജെപിക്കില്ല. എയിംസ് കേരളത്തില്‍ വരണമെന്ന് സംസ്ഥാന സര്‍ക്കാരിനു യാതൊരു താല്‍പര്യവുമില്ലെന്നും എംടി രമേശ് കുറ്റപ്പെടുത്തി.
Be the first to comment