ശബരിമല സ്വർണ്ണക്കൊള്ളയിൽ ആസൂത്രണം നടന്നുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. സ്വർണ്ണകവർച്ചയെ കുറിച്ച് ദേവസ്വം ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നും മൊഴി. എസ്ഐടി അറസ്റ്റ് ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ അർദ്ധരാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പോറ്റിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
പത്തുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ഉച്ചയ്ക്ക് മുമ്പ് റാന്നി കോടതിയിലാണ് ഹാജരാക്കുക. ഇന്നലെ രാവിലെ തിരുവനന്തപുരം വീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരായ എസ് പി ശശിധരൻ, എസ് പി ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. 7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 5 ദിവസങ്ങളിലായി സന്നിധാനത്തുനിന്ന് ഉൾപ്പെടെ ശേഖരിച്ച തെളിവുകളടക്കം മുന്നിൽവെച്ചുകൊണ്ടാണ് അന്വേഷണ സംഘം പോറ്റിയെ ചോദ്യമുനയിൽ നിർത്തിയത്. സ്വർണപ്പാളി കൊണ്ടുപോയ 39 ദിവസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചറിഞ്ഞിരുന്നത്. വരും ദിവസങ്ങളിൽ ആരോപണ വിധേയരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയടക്കം അന്വേഷണസംഘം ചോദ്യം ചെയ്യും.



Be the first to comment