ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക്. യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താന്‍ നിലവില്‍ നിര്‍ദേശമൊന്നുമില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് ഭാവിയില്‍ ചാര്‍ജ് ചുമത്തുമെന്ന അഭ്യൂഹങ്ങള്‍ തള്ളി, നിലവിലെ നയത്തിന് കീഴില്‍ ഉപയോക്താക്കള്‍ക്ക് യുപിഐ സൗജന്യമായി ഉപയോഗിക്കുന്നത് തുടരാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തുടനീളം ഡിജിറ്റല്‍ പേയ്മെന്റുകളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി യുപിഐയെ സീറോ-കോസ്റ്റ് പ്ലാറ്റ്ഫോമായി നിലനിര്‍ത്തണമെന്ന സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും നിലപാടിനെ ശരിവെയ്ക്കുന്നതാണ് ഗവര്‍ണര്‍ മല്‍ഹോത്രയുടെ പ്രസ്താവന. യുപിഐ ഇടപാടുകള്‍ റെക്കോര്‍ഡ് ഉയരം കൈവരിക്കുന്നത് തുടരുന്ന സമയത്താണ് ഈ പ്രസ്താവന. ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ പേടിഎം (വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്) ഓഹരി വില രണ്ടു ശതമാനത്തിലധികം ഉയര്‍ന്നു. ഉച്ചക്കഴിഞ്ഞുള്ള സെഷനില്‍ എന്‍എസ്ഇയില്‍ 1,147 രൂപയിലാണ് പേടിഎം വ്യാപാരം നടക്കുന്നത്.



Be the first to comment