
പാലക്കാട്: പാലക്കാട്ടെ ഭവാനി പുഴയിൽ വെള്ളമെത്തി. തമിഴ്നാട് അപ്പർ ഭവാനി ഡാം തുറന്നതോടെയാണ് പുഴയിൽ വെള്ളമെത്തിയത്. ഇതോടെ അട്ടപ്പാടിക്ക് ആശ്വാസമായി. കുടിവെളള ക്ഷാമം പരിഗണിച്ചാണ് തമിഴ്നാട് ഡാം തുറന്നത്. കനത്ത വേനലിൽ പുഴയിലെ നീരൊഴുക്ക് കുറഞ്ഞിരുന്നു.
പാലക്കാട് കടുത്ത ചൂട് തുടരുകയാണ്. ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്. അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ, ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാനാണ് നിർദേശം.
Be the first to comment