ബൈജൂസിന് വീണ്ടും തിരിച്ചടി, 9600 കോടി രൂപ തിരിച്ചടയ്ക്കാന്‍ യുഎസ് കോടതി ഉത്തരവ്

പ്രമുഖ എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി 1.07 ബില്യണിലധികം ഡോളര്‍ (9600 കോടി രൂപ) പിഴ ചുമത്തി. കമ്പനിയുടെ യുഎസ് ഫിനാന്‍സിങ് വിഭാഗമായ ബൈജൂസ് ആല്‍ഫയില്‍ നിന്ന് ഫണ്ട് പിന്‍വലിച്ചത് മറച്ചുവച്ചെന്ന കണ്ടെത്തലിലാണ് നടപടി.

മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ എഡ്‌ടെക് കമ്പനി പാപ്പരത്ത നടപടി നേരിടുന്നതിനിടെയാണ് പുതിയ തിരിച്ചടി. ഡിഫോള്‍ട്ട് വിധി എന്ന നിലയിലാണ് യുഎസ് കോടതി വന്‍ പിഴ ചുമത്തിയിരിക്കുന്നത്. ഒരു കക്ഷി വ്യവഹാരത്തില്‍ പങ്കെടുക്കാതിരിക്കുമ്പോഴോ കോടതി ഉത്തരവുകള്‍ അവഗണിക്കുമ്പോഴോ ആണ് ഇത്തരത്തില്‍ ഒരു നടപടി ഉണ്ടാകുന്നത്.

കോടതിയില്‍ ഹാജരാകാനും രേഖകള്‍ നല്‍കാനുമുള്ള നിര്‍ദേശങ്ങള്‍ നിരന്തരം പരാജയപ്പെട്ടെന്ന സാഹചര്യത്തിലാണ് ഡലവെയര്‍ പാപ്പരത്ത കോടതിയിലെ ജഡ്ജി ബ്രെന്‍ഡന്‍ ഷാനന്‍ ഡിഫോള്‍ട്ട് വിധി പുറപ്പെടുവിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബൈജൂസ് ആല്‍ഫയില്‍ നിന്നും മിയാമി ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ടായ കാമ്ഷാഫ്റ്റ് ക്യാപിറ്റലിലേക്ക് 533 മില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്ത സംഭവമാണ് കേസിന് ആധാരം. ഈ തുക പിന്നീട് അനുബന്ധ സ്ഥാപനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിന് രവീന്ദ്രന്‍ വ്യക്തിപരമായി ഉത്തരവാദിയാണെന്ന് കോടതി വിധിച്ചു. വിശ്വാസം ലംഘിച്ചതിന് 533 മില്യണ്‍ ഡോളറും കണ്‍വേര്‍ഷന്‍, സിവില്‍ ഗൂഢാലോചന തുടങ്ങിയവക്ക് 540.6 മില്യണ്‍ ഡോളറും ഉള്‍പ്പെടെയാണ് മൊത്തം 1.07 ബില്യണ്‍ ഡോളര്‍ പിഴ വിധിച്ചത്.

അതേസമയം, കോടതി വിധിയിലെ നിരീക്ഷണങ്ങള്‍ തെറ്റാണെന്ന് ബൈജു രവീന്ദ്രന്‍ പ്രതികരിച്ചു. യുഎസ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ബൈജു രവീന്ദ്രനെ ഉദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*