വാഷിങ്‌ടണ്‍: ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനും 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് പുതിയ നടപടിയുമായ ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. അധിക തീരുവ ഉടൻ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു.
ഇറാനിൽ സൈനിക നടപടിക്ക് മടിക്കില്ലെന്ന പ്രതികരണത്തിന് പിന്നാലെയാണ് ട്രംപിന്‍റെ അധിക തീരുവ പ്രഖ്യാപനം. കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള പ്രതിഷേധത്തിൽ 500ലധികം പേർ കൊല്ലപ്പെട്ടു. ഇതില്‍ 490 പേര്‍ പ്രതിഷേധക്കാരാണെന്നും 48 പേര്‍ സുരക്ഷ സേനയില്‍ നിന്നുള്ളവരാണെന്നുമാണ് സൂചന. ഇറാന്‍ ഭരണകൂടം പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കാനുള്ള നീക്കങ്ങളെ കുറിച്ചും മറ്റ് യുഎസ് നേതാക്കൾ ചർച്ച ചെയ്‌തതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.
പ്രതിഷേധക്കാരുടെ അടിച്ചമർത്തലിന് ഇറാനെ ശിക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ നടപടി. എന്നാൽ ഇപ്പോൾ മറ്റ് രാജ്യങ്ങളെ ഉൾപ്പെടുത്തി തൻ്റെ ഇഷ്‌ടത്തിന് വഴങ്ങാൻ നിർബന്ധിക്കുകയാണ് ട്രംപ് ചെയ്യുന്നതെന്ന് ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. ചൈന, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറാഖ് എന്നിവയാണ് ഇറാൻ്റെ പ്രധാന വ്യാപാര പങ്കാളികൾ. അതേസമയം താരിഫ് പ്രഖ്യാപനത്തെ കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
പ്രതികരിച്ച് ഇറാന്‍:
സംഭവത്തില്‍ പ്രതികരിച്ച യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഇറാന്‍. അമേരിക്കയുമായി യുദ്ധത്തിന് മാത്രമല്ല ചർച്ചയ്‌ക്കും തയ്യാറാണെന്ന നിലപാടിലാണ് ഇറാൻ. ഇരു രാജ്യങ്ങൾ തമ്മിൽ പരസ്‌പര ബഹുമാനത്തോടെയാകണം ചർച്ച ചെയ്യേണ്ടതെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അമേരിക്കന്‍ നിലപാടുകള്‍ ഇറാനിലെ ജനങ്ങളോടുള്ള ശത്രുതയാണ് പ്രതിഫലിക്കുന്നത്. അതേസമയം രാജ്യത്ത് ഐക്യം നിലനിര്‍ത്തണമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും പറഞ്ഞു. ട്രംപ് ആദ്യം സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കണമെന്നും ഖമേനി പരിഹസിച്ചു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് ഇറാന്‍റെ വിവിധയിടങ്ങളില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്. സാമ്പത്തിക തകര്‍ച്ചയ്‌ക്കും വിലക്കയറ്റത്തിനും എതിരെയാണ് പ്രതിഷേധം. വിവിധയിടങ്ങളില്‍ പ്രതിഷേധത്തില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഇറാന്‍ പുറത്ത് വിട്ടിട്ടില്ല.
2025 ജൂണില്‍ ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം നടത്തിയിരുന്നു. നിലവിലെ സാഹചര്യം വീണ്ടും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രതികരണം.



Be the first to comment