ഇറാന് ലക്ഷ്യമാക്കി അമേരിക്കയുടെ കപ്പല്‍പ്പട കൂടി നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന് ഭരണകൂടം ഉടനടി അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് നല്ലതെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാഖിന്റെ പ്രധാനമന്ത്രിയായി നൂറി അല്‍ മാലിക്കിയെ നിയമിച്ചാല്‍ ഇറാഖിനുള്ള എല്ലാ സഹായവും നിര്‍ത്തുമെന്നും ട്രംപ് പറഞ്ഞു.
വിമാനവാഹിനി കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കന്റെ നേതൃത്വത്തില്‍ ഇറാന് ലക്ഷ്യമാക്കി അമേരിക്കന്‍ കപ്പല്‍പ്പട നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ട്രംപിന്റെ സമൂഹമാധ്യമ കുറിപ്പ്. വെനസ്വേലയില്‍ വിന്യസിച്ചതിനേക്കാള്‍ വലിയ സൈനിക സന്നാഹമാണ് ഇതെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന് ഭരണകൂടം ഉടനടി അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.
ധാരണയിലെത്താത്തപക്ഷം ഓപ്പറേഷന് മിഡ്നൈറ്റ് ഹാമറിനേക്കാള്‍ വലിയ ആക്രമണം ഇറാന് നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. ഭീഷണികള്‍ക്കിടയില്‍ നയതന്ത്രചര്‍ച്ചകള്‍ സാധ്യമല്ലെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി പ്രതികരിച്ചു. പരസ്പരബഹുമാനം പുലര്‍ത്തിയാല്‍ മാത്രമേ ചര്‍ച്ചകള്‍ സാധ്യമാകുകയുള്ളുവെന്നും അരഘ്ചി പറഞ്ഞു. ഇറാനെ ആക്രമിച്ചാല്‍ ചെങ്കടലിലൂടെ നീങ്ങുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് ഹിസ്ബുള്ളയും ഹൂതികളും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
അതിനിടെ ഇറാഖിന്റെ പ്രധാനമന്ത്രിയായി മുന്‍ പ്രധാനമന്ത്രിയായ നൂറി അല്‍ മാലിക്കിയെ നിയമിച്ചാല്‍ ഇറാഖിനുള്ള എല്ലാ സഹായവും നിര്‍ത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാലിക്കി കഴിഞ്ഞ തവണ അധികാരത്തിലിരുന്നപ്പോള്‍ രാജ്യം അരാജകത്വത്തിലേക്കും ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തിയെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് അല്‍ മാലിക്കി. ഇറാഖിന്റെ പരമാധികാരത്തിനും ജനാധിപത്യത്തിനുമെതിരായ നീക്കമാണ് ട്രംപിന്റെതെന്നും തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കില്ലെന്നും അല്‍ മാലിക്കി പ്രതികരിച്ചു.



Be the first to comment