വാഷിങ്ടണ്‍: ഇറാന് എണ്ണയ്ക്ക് മേലുള്ള യുഎസ് ഉപരോധം താത്ക്കാലികമായി പിന്‍വലിച്ച് അമേരിക്ക. വിൽക്കാൻ സാധിക്കാതെ കടലിൽ കുടുങ്ങി കിടക്കുന്ന എണ്ണയുടെ വിലയിലാണ് ഇളവ്. ആഗോള ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ട്രംപിൻ്റെ മനംമാറ്റം. ഒരു മാസത്തേക്കാണ് താത്കാലിക ഇളവെന്ന് അമേരിക്ക അറിയിച്ചു.നിലവിൽ കടലില്‍ കുടുങ്ങി കിടക്കുന്ന എണ്ണയ്ക്കും, നേരത്തെ ടാങ്കറുകളില്‍ ലോഡ് ചെയ്ത ഉപരോധം കാരണം വില്ക്കാന് സാധിക്കാത്ത എണ്ണയ്ക്കുമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ നിയമം പ്രാബല്യത്തിൽ വരും. താത്ക്കാലിക നടപടിയിലൂടെ ആഗോള വിപണികളിൽ 140 ദശലക്ഷം ബാരൽ എണ്ണ ലഭ്യമാക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് പറഞ്ഞു.
സംഘർഷത്തിന് പിന്നാലെ എണ്ണ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിരുന്നു. ഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. ഇതോടെയാണ് പ്രതിസന്ധി മറികടക്കാൻ ട്രംപിൻ്റെ നീക്കം. അടുത്താഴ്ച്ചയ്ക്കുള്ളിൽ എണ്ണ വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം നിലവിൽ വിൽക്കാൻ സാധിക്കാതെ കിടക്കുന്ന എണ്ണയ്ക്ക് മാത്രമാണ് ഈ നിയമം ബാധകം.
പുതിയ വാങ്ങലുകളോ ഉത്പ്പാദനമോ അനുവദിക്കുന്നില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് വ്യക്തമാക്കി. ക്രൂഡോയിൽ വിതരണം വർധിപ്പിക്കുകയും വില കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിൻ്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോര്‍മുസ് അടച്ചതോടെ 10-14 മില്യണ്‍ ബാരല്‍ വിതരണത്തില്‍ കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. സമാന രീതിയില്‍ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വിൽക്കാൻ നേരത്തെ യുഎസ് അനുമതി നല്‍കിയിരുന്നു. ഇത് ഏകദേശം 130 ദശലക്ഷം ബാരൽ എണ്ണയാണ് വിപണിയിലെത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ നിലവിൽ അനുവദിച്ച ഇറാനിയൻ എണ്ണ ചൈന വിലകുറഞ്ഞ രീതിയിൽ സംഭരിക്കുന്നുണ്ടെന്നും യുഎസ് ആരോപിക്കുന്നു.
താത്ക്കാലിക മാറ്റം 140 ദശലക്ഷം ബാരൽ എണ്ണ ആഗോള വിപണികളിലേക്ക് വേഗത്തിൽ എത്തിക്കാൻ അമേരിക്കയ്ക്ക് സാധിക്കും. ഇത് ലോകമെമ്പാടുമുള്ള ഊർജ്ജത്തിൻ്റെ അളവ് വർധിപ്പിക്കുകയും ഇറാൻ മൂലമുണ്ടാകുന്ന സമ്മർദ്ദങ്ങൾ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് ഇപ്പോഴത്തെ അവകാശവാദം. ഈ സമീപനം ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന വിശാലമായ ശ്രമത്തിൻ്റെ ഭാഗമാണെന്നും അമേരിക്ക പറയുന്നു.
അതോടെ ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ മുതലെടുക്കാനുള്ള ഇറാൻ്റെ ശ്രമത്തെ പരാജയപ്പെടുത്താൻ സാധിക്കും. കൂടാതെ ട്രംപ് ഭരണകൂടം ആഗോള എണ്ണ വിതരണം ഏകദേശം 440 ദശലക്ഷം ബാരൽ വർധിപ്പിക്കാൻ സജീവമായി പ്രവർത്തിച്ചുവരികയാണ്. ഈ തന്ത്രപരമായ നീക്കം എണ്ണവില സ്ഥിരപ്പെടുത്താനും വിപണിയിൽ ഇറാൻ്റെ സ്വാധീനം കുറയ്ക്കാനും സഹായിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.



Be the first to comment