വാഷിങ്ടണ്‍: അമേരിക്കയിലെ എപ്സ്റ്റീന്‍ ഫയല്‍ വിവാദത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. നിരന്തരം വിവാദം ഉണ്ടാക്കുന്ന എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാന്‍ വേണ്ടി വോട്ട് ചെയ്യണമെന്നാണ് റിപ്പബ്ലിക്കന്‍ അംഗങ്ങളോട് ട്രംപിന്റെ ആഹ്വാനം. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും ‘അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ട സമയമായി’ ഫയലുകള്‍ പുറത്തുവിടണമെന്നുമാണ് ട്രംപിന്റെ പുതിയ പ്രതികരണം. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം.
കുപ്രസിദ്ധ ലൈംഗിക്കുറ്റവാളി ജെഫ്രി എപ്സ്റ്റീന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ എന്ന നിലയില്‍ ചില ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ പ്രതികരണം. ജെഫ്രി എപ്സ്റ്റീന്റെ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച് ട്രംപിന് അറിവുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. എപ്സ്റ്റീനെതിരെ അന്വേഷണം നടത്തുന്ന യുഎസ് പ്രതിനിധി സഭയുടെ മേല്‍നോട്ട സമിതിയില്‍ നിന്നാണ് ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തായതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. .
എന്നാല്‍, മെയിലുകള്‍ പുറത്തുവന്ന സംഭവത്തെ ഡെമോക്രാറ്റുകളുടെ എപ്സ്റ്റീന്‍ തട്ടിപ്പ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മഹത്തായ വിജയത്തെ അപമാനിക്കാന്‍ ഇടത് മൗലിക വാദികള്‍ പ്രചാരണം നടത്തുന്നു എന്നും ട്രംപ് ആരോപിക്കുന്നു.
വിവാദങ്ങള്‍ക്ക് അപ്പുറത്ത് പലകാര്യങ്ങള്‍ നമുക്ക് ചെയ്തു തീര്‍ക്കാനുണ്ടെന്ന നിലയിലാണ് ട്രംപിന്റെ പ്രതികരണങ്ങള്‍. ‘പണപ്പെരുപ്പം കുറയ്ക്കാനായി, വിലക്കയറ്റം പിടിച്ചു നിര്‍ത്തുക, നികുതി ഇളവുകള്‍ നല്‍കുക, അമേരിക്കയിലേക്ക് വന്‍ നിക്ഷേപം കൊണ്ടുവരിക, സൈന്യത്തിന്റെ നവീകരണം, അതിര്‍ത്തി സുരക്ഷ, നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുക, സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്നും പുരുഷന്‍മാരെ വിലക്കുക, ട്രാന്‍സ്ജെന്‍ഡര്‍ സാഹചര്യം നിര്‍ത്തുക, അങ്ങനെ പലതും!’ എന്നും ട്രംപ് പറയുന്നു.
ലൈംഗിക കുറ്റകൃത്യക്കേസില്‍ വിചാരണ നേരിടവേ ജയിലില്‍വെച്ച് മരണമടഞ്ഞ യുഎസ് കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീന്‍. രാഷ്ട്രീയത്തിലടക്കം സ്വാധീനശക്തിയുണ്ടായിരുന്ന എപ്സ്റ്റീന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുമായി ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബ്രിട്ടന്റെ രാജകുമാരന്‍ ആന്‍ഡ്രൂ എന്നിവരടക്കം അദ്ദേഹത്തിന്റെ സൗഹൃദവലയത്തില്‍ ഉണ്ടായിരുന്നു. ബാലപീഡന വാര്‍ത്തകളിലൂടെയാണ് എപ്സ്റ്റീന്‍ കുപ്രസിദ്ധി നേടുന്നത്. 2001 മുതല്‍ 2006 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ എപ്സ്റ്റീന്റെ വൈകൃതങ്ങള്‍ക്ക് ഇരയായെന്നായിരുന്നു റിപ്പോര്‍ട്ട്. എണ്‍പതോളം പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരകളായെന്നും സമൂഹത്തിലെ ഉന്നതരുടെ പിന്തുണയോടെ പല സ്ത്രീകളെയും കുട്ടികളെയും എപ്സ്റ്റീനും കൂട്ടാളികളും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് കേസ്.



Be the first to comment