ഇറാനുമായുള്ള ചർച്ചക്കുള്ള സമയം കഴിഞ്ഞുപോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ വ്യോമ പ്രതിരോധം, വ്യോമസേന, നാവികസേന, ഭരണ നേതൃത്വം എന്നിവയെ ഇല്ലാതാക്കി. ഇനി അവർക്ക് സംസാരിക്കണമെന്ന് പറയുന്നു. പക്ഷേ വളരെ വൈകിപ്പോയിരിക്കുന്നു. ഇറാനുമായുള്ള ചർച്ചകൾ തള്ളിക്കളഞ്ഞ് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം.
രാജ്യത്തിനെതിരെ യുദ്ധം രൂക്ഷമാകുമ്പോഴും സർക്കാർ പ്രവർത്തനക്ഷമമായി തുടരുന്നുവെന്ന് ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ പറഞ്ഞു. പ്രവിശ്യാ നേതൃത്വവുമായി അധികാരികൾ അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് എക്‌സിൽ പെസെഷ്കിയൻ പറഞ്ഞു. “ഗവർണർമാരുമായി ഞങ്ങൾ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സാഹചര്യം അസാധാരണമാണ്, പക്ഷേ പ്രവർത്തനങ്ങൾ നിലച്ചിട്ടില്ല,” അദ്ദേഹം എഴുതി.
അതേസമയം രാനിൽ കടുപ്പമേറിയത് വരാനിരിക്കുന്നെന്ന് അമേരിക്കയും പിശാചിനോട് പോരാട്ടം തുടരുമെന്ന് ഇറാനും നിലപാട് കടുപ്പിച്ചു. നാല് ദിവസത്തെ ആക്രമണത്തിൽ 787 പേർ കൊല്ലപ്പെട്ടെന്ന് റെഡ് ക്രസന്റ് അറിയിച്ചു. ഹിസ്ബുല്ല- ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായ ലബനോണിൽ കൂട്ടപ്പലായനം തുടരുകയാണ്.
ഇന്ന് ഇറാനിലെ ഭരണ-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം. പ്രസിഡന്റിന്റെ ഓഫീസ് ഉൾപ്പെടെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രതിരോധ സേന. അഞ്ഞൂറിലേറെ ഇടങ്ങളിലായി ആയിരത്തിലധികം ആക്രമണങ്ങളാണ് നാല് ദിവസത്തിനിടെ ഉണ്ടായതെന്ന് റെഡ് ക്രസന്റ് അറിയിച്ചു. മിനീബിൽ കൊല്ലപ്പെട്ട സ്കൂൾ വിദ്യാർഥികളുടെ സംസ്കാര ചടങ്ങിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.



Be the first to comment