‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ, സൗന്ദര്യമത്സരം നവംബർ 22ന്

പ്രിസ്റ്റൺ: യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേർന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ ആൻഡ് സ്പായിൽ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025 പുരസ്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോയും സൗന്ദര്യമത്സരവും നവംബർ 22ന് സംഘടിപ്പിക്കുന്നു.

മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിക്കുന്ന ‘മിസ് & മിസിസ് മലയാളി യുകെ 2025’ എന്ന പരിപാടിയ്ക്കൊപ്പമാവും യുക്മയുടെ അവാർഡ് ദാനവും മറ്റ് പരിപാടികളും നടക്കുക. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന, സംഗീത – നൃത്ത ഇനങ്ങൾക്കൊപ്പം വൈവിദ്ധ്യമാർന്ന നിരവധി പരിപാടികളും നടക്കും.  മിസിസ് മലയാളി യുകെ, മിസ് മലയാളി യുകെ, മിസ് ടീൻ മലയാളി യുകെ, ലിറ്റിൽ മലയാളി മങ്ക ആൻഡ് ശ്രീമാൻ, മലയാളി ശ്രീമാൻ യുകെ എന്നിങ്ങനെ പല വിഭാഗങ്ങളിലായി മത്സരങ്ങളും സഘടിപ്പിച്ചിട്ടുണ്ട്.

‘മിസ് ആൻഡ് മിസിസ് മലയാളി യുകെ 2025’  ഗ്രാൻഡ് ഫിനാലെയിൽ മലയാള സിനിമാ മേഖലയിലെ സെലിബ്രിറ്റി അതിഥികളായ പ്രേമും സ്വാസികയും പങ്കെടുക്കും. കമൽ രാജ് മാണിക്കത്താണ്  ഷോ ഡയറക്ടർ. ഈ വർഷത്തെ യുക്മ ദേശീയ കലാമേളകളുടെ കലാതിലകം – കലാപ്രതിഭ പട്ടങ്ങൾ ലഭിച്ചവരെയും  യുക്മ കേരളാ പൂരം 2025 വള്ളംകളി മത്സരങ്ങളിലെ ജേതാക്കളേയും വേദിയിൽ ആദരിക്കും. കൂടാതെ യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ ‘യുക്മ ഫോർച്യൂൺ ലോട്ടറി – 2025 പദ്ധതിയുടെ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനവും അന്നേ ദിവസം നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: 07774966980.

Be the first to comment

Leave a Reply

Your email address will not be published.


*