ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദികള്‍ തന്നെ; വി ഡി സതീശനെ തള്ളി മുസ്ലീം സംഘടനകള്‍

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദം ഉപേക്ഷിച്ചെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശവാദം തള്ളി മുസ്ലീം സംഘടനകള്‍. മതരാഷ്ട്ര വാദം ജമാഅത്തെ ഇസ്ലാമി ഉപേക്ഷിച്ചോയെന്ന് വിഡി സതീശന്‍ വിശദീകരിക്കണമെന്ന് കാന്തപുരം വിഭാഗം സുന്നി നേതൃത്വം ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് വേണ്ടപോലെ പഠിച്ചിട്ടല്ല ഈ പ്രസ്താവന എന്ന് തോന്നുന്നു എന്ന് കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികള്‍ തന്നെയെന്നാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ വിലയിരുത്തല്‍.

സമസ്ത കാന്തപുരം വിഭാഗം

ജമാഅത്തെ ഇസ്ലാമി പഴയ ആശയങ്ങള്‍ ഒഴിവാക്കിയെന്ന വി ഡി സതീശന്റെ പരാമര്‍ശം ഗൗരവതരമെന്ന് സമസ്ത കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് വേണ്ടപോലെ പഠിച്ചിട്ടല്ല ഈ പ്രസ്താവന എന്ന് തോന്നുന്നു. ജമാഅത്തെ ഇസ്ലാമി അവരുടെ ആശയങ്ങള്‍ നിലനിര്‍ത്തി കൊണ്ട് തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു എന്നല്ലാതെ, അവര്‍ ആശയത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

കെഎന്‍എം

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളെന്ന് മുജാഹിദ് പ്രസ്ഥാനം. മതത്തെ രാഷ്ട്രീയ കാര്യങ്ങള്‍ക്കായി വ്യാഖ്യാനിച്ചതാണ് ജമാഅത്തെ ഇസ്ലാമിക്ക് സംഭവിച്ച തെറ്റെന്ന് കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുള്ള കോയ മദനി പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തോട് യോജിപ്പില്ല. പിഡിപിക്കും ജമാഅത്തെ ഇസ്ലാമിക്കും രണ്ടു ലക്ഷ്യങ്ങളാണ്. രണ്ടു സംഘടനകളോടും വിയോജിപ്പെന്നും ടിപി അബ്ദുള്ള കോയ മദനി പറഞ്ഞു.

എസ് വൈ എസ് എപി വിഭാഗം

യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടി നല്‍കിയ പിന്തുണയെ ന്യായീകരിച്ച് സംസാരിച്ച പ്രതിപക്ഷ നേതാവ് മതരാഷ്ട്ര വാദം ജമാഅത്തെ ഇസ്ലാമി ഉപേക്ഷിച്ചോയെന്ന് വിശദീകരിക്കണമെന്ന് എസ് വൈഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ മകന്‍ അബ്ദുല്‍ ഹക്കിം അസ്ഹരി സംസ്ഥാന പ്രസിഡന്റായ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയാണ് പ്രതിപക്ഷ നേതാവിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

വി ഡി സതീശന്റെ വാക്കുകള്‍

അബ്ദുള്‍ നാസര്‍ മദനി തീവ്രവാദിയാണെന്ന് പറഞ്ഞ് നോട്ടീസ് അടിച്ച് പ്രചരിപ്പിച്ചവരാണ് സിപിഎം. അവര്‍ പി ഡി പി പിന്തുണ സ്വീകരിക്കുന്നുണ്ടെന്നും മൂന്ന് പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമി പിന്തുണ നേടിയവരാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

‘എതിര്‍ക്കുന്നവരെ സിപിഎം വര്‍ഗീയ വാദികളാക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയെ ഘടകകക്ഷിയാക്കാനുള്ള ചര്‍ച്ച നടത്തിയിട്ടില്ല. ജമാ അത്തെ ഇസ്ലാമി രാഷ്ട്രീയ നിലപാടുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഞങ്ങള്‍ക്ക് അവര്‍ പിന്തുണ നല്‍കി. അത് ഞങ്ങള്‍ സ്വീകരിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണ വേണ്ട എന്ന് പറയണ്ട രാഷ്ട്രീയ സാഹചര്യമില്ല. അതിന്റെ പേരില്‍ ഞങ്ങളെ പിന്തുണയ്ക്കുന്നതില്‍ ആര്‍ക്കും ബുദ്ധിമുട്ടില്ല’- വിഡി സതീശന്റെ വാക്കുകള്‍.

 

Be the first to comment

Leave a Reply

Your email address will not be published.


*