‘മോഹനന്‍ കുന്നുമ്മലിനെ ആരോഗ്യ സര്‍വകലാശാല വിസി ആക്കിയത് ഈ സര്‍ക്കാര്‍; അന്ന് പരിശോധിച്ചില്ലേ സംഘിയാണോ എന്ന്’; വിഡി സതീശന്‍

സംസ്ഥാനത്തെ ആരോഗ്യ മേഖല തകര്‍ന്നത് പോലെ തന്നെ ഉന്നതവിദ്യാഭ്യാസ മേഖലയും തകരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പത്ത് മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന നിസാരമായൊരു പ്രശ്‌നത്തിന്റെ പുറത്ത് ഇന്ന് കേരളത്തിലെ സര്‍വകലാശാലകളെയും വിദ്യാര്‍ഥികളെയും തടവിലാക്കിയിരിക്കുകയാണെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു.

രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം എന്തിനാണ് സര്‍വകലാശാലകളിലേക്ക് വ്യാപിപ്പിക്കുന്നത്. സര്‍വകലാശാലയില്‍ ഒരു ഫയല്‍ പോലും നീങ്ങുന്നില്ല. ഒരു ഫയല്‍ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ക്ക് അയക്കണോ വൈസ് ചാന്‍സലര്‍ വച്ച രജിസ്ട്രാര്‍ക്ക് അയക്കണോ എന്ന് ആര്‍ക്കും അറിയില്ല. രാജ്ഭവന്റെ ആളാണെന്ന് പറഞ്ഞ് വൈസ് ചാന്‍സലര്‍ക്കെതിരെ സമരം നടത്തുകയാണ്. ഈ വൈസ് ചാന്‍സലറെ ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ആക്കിയത് ആരാണ്. പിണറായി സര്‍ക്കാരാണ്. അദ്ദേഹത്തിന് അധികം ചുമതല നല്‍കുകയായിരുന്നു രാജ്ഭവന്‍. അപ്പോള്‍ സംഘി ആണ് എന്നത് പരിശോധിച്ചില്ലേ? – അദ്ദേഹം ചോദിച്ചു.

കീം പരീക്ഷാ ഫലവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. എത്രയോ കുട്ടികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്. എന്നിട്ടും ഇപ്പോഴും ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യായീകരിക്കുകയാണ്. പ്രോസ്‌പെക്ടസില്‍ ഭേദഗതി വരുത്തരുത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍ക്ക് വേണ്ടിയാണ് ഭേദഗതി വരുത്തിയത്. ഭേദഗതി വരുത്തി കിം പരീക്ഷാഫലത്തെ മുഴുവന്‍ അട്ടിമറിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്തെക്കൂടി കുളമാക്കി മാറ്റി. കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ ഇവര്‍ തകര്‍ത്തു – അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐ എന്തിനാണ് യൂണിവേഴ്‌സിറ്റികളിലേക്ക് ഈ സമരാഭാസം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഗവര്‍ണര്‍ക്കെതിരാണെങ്കില്‍ രാജ്ഭവനില്‍ പോയി സമരം നടത്ത്. സര്‍വകലാശാലകളില്‍ ജോലിയെടുക്കുന്ന അധ്യാപകരെയും കുട്ടികളെയും എന്തിനാണ് തല്ലിയത്, ക്രിമിനലുകള്‍. ആരോഗ്യരംഗത്ത് നടക്കുന്ന സമരത്തിന്റെ ശ്രദ്ധ തിരിക്കാനായി എസ്എഫ്‌ഐക്കാരെക്കൊണ്ട് ചുടുചോറ് വാരിക്കുകയാണ് സിപിഐഎം നേതൃത്വം. ആരോഗ്യ രംഗത്തെ സമരം ഒന്നും അവസാനിക്കില്ല – അദ്ദേഹം പറഞ്ഞു.

വി ഡി സതീശന്‍ ആര്‍എസ്എസ് ഏജന്റാണെന്ന പുതിയ ക്യാപ്‌സ്യൂള്‍ ഇറക്കിയിരിക്കുകയാണ്. ആ ക്യാപ്‌സ്യൂള്‍ കൈയില്‍ വച്ചാല്‍ മതി. അത് കേരളത്തില്‍ നടക്കില്ല – അദ്ദേഹം പറഞ്ഞു. സിപിഐഎം ഭരണത്തിന്റെ അവസാനത്തിന്റെ ആരംഭമാണെന്നും കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായിയെന്നും അദ്ദേഹം പറഞ്ഞു. തരൂര്‍ വിവാദത്തില്‍ നോ കമന്റ്‌സ് എന്ന് മറുപടി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*