ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ശരിയായി അന്വേഷിച്ചാല്‍ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്നു കടകംപള്ളി സുരേന്ദ്രനും പ്രതിയാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദേവസ്വം ബോര്‍ഡ് മുഴുവന്‍ പ്രതിയായി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തി. അതുകൊണ്ടാണ് ചെമ്പ് പാളിയെന്ന് എഴുതിയത്. അല്ലെങ്കില്‍ എല്ലാവരും പെടുമെന്ന് അവര്‍ക്കറിയാമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുന്‍ ദേവസ്വം മന്ത്രിയിലേക്ക് അന്വേഷണം എത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് വിഡി സതീശന്‍ പറഞ്ഞു. മുന്‍ ദേവസ്വം മന്ത്രിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ട്. കടകംപള്ളി പോറ്റിയെ പുകഴ്ത്തുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നതാണ്. പോറ്റി കുടുങ്ങിയാൽ സർക്കാർ കുടുങ്ങും. ഇവരൊക്കെ തമ്മിൽ ബന്ധമുണ്ട്. കോടതി ഇടപെട്ടത് കൊണ്ട് മാത്രമാണ് പോറ്റി അറസ്റ്റിലായതെന്ന് വിഡി സതീശൻ പറഞ്ഞു.
മുൻ ദേവസ്വം മന്ത്രിയുടെ ഇടപെടൽ ഉൾപ്പെടെ അന്വേഷിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണൻ പോറ്റിയെ സംരക്ഷിക്കുന്നത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. കടകംപള്ളിയും പോറ്റിയും തമ്മിലുള്ള സൗഹൃദത്തിന്റെ തെളിവുകൾ തന്റെ പക്കൽ ഉണ്ട്. അന്വേഷണം മുൻ ദേവസ്വം മന്ത്രിയിലേക്ക് ഉൾപ്പെടെ നീളണമെന്ന് വിഡി സതീശൻ പറഞ്ഞു.
കൂട്ടുക്കച്ചവടം നടത്താന്‍ ഇപ്പോഴത്തെ ദേവസ്വം മന്ത്രി വിഎന്‍ വാസവനും ദേവസ്വം ബോര്‍ഡും വീണ്ടും സ്വര്‍ണ്ണം പൂശാന്‍ ശ്രമിച്ചു. ആരും അറിയില്ലെന്ന് വിചാരിച്ച മൂടിവെച്ച സംഭവമാണ്. കതക്, കട്ടിള, ദ്വാരപാലക വിഗ്രഹം പോയി ഇനി അടിച്ചുമാറ്റാന്‍ ഉള്ളത് അയ്യപ്പന്റെ തങ്ക വിഗ്രഹം മാത്രമാണുള്ളത്. ഇത് ലക്ഷ്യമിട്ടാണോ വീണ്ടും സ്വര്‍ണം പൂശാന്‍ ഇറങ്ങിയതെന്ന് സംശയമുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.



Be the first to comment