
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നടപടിയിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുവരെ സ്വീകരിച്ച നടപടികളെല്ലാം ശരിയാണെന്നും വിഷയത്തിൽ കൂട്ടായ തീരുമാനമാണ് എടുത്തതെന്നും വി.ഡി. സതീശൻ പറഞ്ഞു. നടപടിയിൽ എ ഗ്രൂപ്പ് നേതാക്കൾക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഇരകളാരും രേഖാമൂലം പരാതി നൽകാതിരുന്നിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് അതിരുകടന്ന നടപടിയായിപ്പോയെന്നാണ് എ ഗ്രൂപ്പ് നിലപാട്. എന്നാൽ ഇത് അംഗീകരിക്കാൻ നേതൃത്വവും വി.ഡി. സതീശനെ പിന്തുണക്കുന്നവരും തയ്യാറല്ല.
പാർട്ടിയിലെ ഉന്നതതലത്തിൽ മതിയായ കൂടിയാലോചന നടത്തിയാണ് തീരുമാനമെടുത്തത്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളോടും എംപിമാരോടും അഭിപ്രായം തേടിയിരുന്നു. എല്ലാവരും കടുത്ത നിലപാടിനെ പിന്തുണച്ച ശേഷമാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കെപിസിസി അധ്യക്ഷൻ പ്രഖ്യാപിച്ചത്. പാർലമെന്ററി പാർട്ടിയിൽ നിന്നും മാറ്റിനിർത്താനുള്ള തീരുമാനവും കെപിസിസിയുടേതായിരുന്നുവെന്നും സതീശനെ പിന്തുണക്കുന്നവർ വാദിക്കുന്നു.
Be the first to comment