‘പുനർജനിക്കേസ് നിലനിൽക്കില്ല, ഞാൻ പേടിച്ചെന്ന് പരാതി കൊടുത്തവരോട് പറഞ്ഞേക്ക്’; വി.ഡി സതീശൻ

പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത വിജിലന്‍സ് നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസ് ഏത് രീതിയിൽ അന്വേഷിച്ചാലും നിലനിൽക്കില്ലെന്നും ആദ്യം അന്വേഷിച്ച് വിജിലൻസ് തന്നെ ഉപേക്ഷിച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. അന്വേഷണം വന്നാൽ പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള നടപടിയാണിത്. ഒരുതവണ കേസ് വിശദമായി അന്വേഷിച്ചു. നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് തന്നെ റിപ്പോര്‍ട്ട് കൊടുത്തു. അത് ആഭ്യന്തരവകുപ്പ് അന്വേഷിച്ച് അംഗീകരിച്ചതാണ്. ഇനി ആരുമറിയാത്ത കണ്ടെത്തലുണ്ടെങ്കില്‍ കേസ് സിബിഐ അന്വേഷിക്കട്ടെ. ഇത് കേട്ടിട്ട് ഞാന്‍ പേടിച്ചുപോയെന്ന് പറഞ്ഞേക്ക് പരാതി കൊടുത്തവരോട്’, വി ഡി സതീശൻ പറഞ്ഞു.

പുനര്‍ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിൽ എഫ്‌സിആർഎ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലും നിയമലംഘനമുണ്ട്.

എഫ്.സി.ആർ.എ നിയമം 2010 ലെ സെക്ഷൻ 3 (2) (a) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസിന്റെ ശുപാർശ.കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2 ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമ ലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*