ഏറ്റുമാനൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രമില്ല, വിശദീകരണവുമായി പാര്‍ട്ടി

കോട്ടയം: ഏറ്റുമാനൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം ഇല്ലാത്തത് വിവാദമായി. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് ബോര്‍ഡ് നീക്കം ചെയ്തു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നത് ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ്. ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് ആദ്യം നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കനെ ഒഴിവാക്കി പിന്നീട് കാഞ്ഞിരപ്പള്ളിയില്‍ നിയോഗിച്ചിരുന്ന ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ ഏറ്റുമാനൂരിലേയ്ക്ക് നിശ്ചയിക്കുകയായിരുന്നു. ഇക്കാരണത്താല്‍ തന്നെ ഏറെ വൈകിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റുമാനൂരില്‍ ആരംഭിച്ചത്.

പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും തുറന്നു. ഈ ഓഫീസിന് മുന്നില്‍ സ്ഥാപിക്കപ്പെട്ട ഫ്‌ളക്‌സ് ബോര്‍ഡിലാണ് വി ഡി സതീശന്റെ ചിത്രം ഒഴിവാക്കിയത്. കെ സി വേണുഗോപാല്‍, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബോര്‍ഡിലുണ്ട്. സംഭവം വാര്‍ത്തയാവുകയും വിവാദമാവുകയും ചെയ്തതിനെത്തുടര്‍ന്ന് ഈ ബോര്‍ഡുകള്‍ നീക്കം ചെയ്തു. പ്രിന്റിങ് കമ്പനിക്ക് തെറ്റുപറ്റിയെന്നാണ് ഓഫീസ് സെക്രട്ടറി നല്‍കുന്ന വിശദീകരണം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കമാണ് വി ഡി സതീശന്റെ ചിത്രം ഒഴിവാക്കാന്‍ കാരണമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

Be the first to comment

Leave a Reply

Your email address will not be published.


*