എസ്.ഐ.ആര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അജണ്ട; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തീരുമാനം പിൻവലിക്കണം, വി ഡി സതീശൻ

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) പ്രഖ്യാപിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണം.

തദ്ദേശ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് എസ്.ഐ.ആര്‍ നടപ്പാക്കരുതെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും ഉദ്യോഗസ്ഥ വിന്യാസത്തില്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധി ഉണ്ടാകുകയും ചെയ്യുമെന്നതായിരിക്കും പരിണിതഫലം. സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കരുതെന്നും കേന്ദ്ര സർക്കാർ തീരുമാനത്തിന് അനുസരിച്ച് മാത്രം പ്രവർത്തിക്കേണ്ട സ്ഥാപനമല്ലെന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

നീതിപൂര്‍വകവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് ഇതിനു പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. 23 വര്‍ഷമായി വോട്ടു ചെയ്യുന്നവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും ഇല്ലാതാക്കുന്ന മായാജാലമാണ് എസ്.ഐ.ആറിലൂടെ രാജ്യത്ത് നടപ്പാക്കുന്നത്. ജനവിധി അട്ടിമറിക്കാനുള്ള നീക്കത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടുനിൽക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*