കേരളത്തിൽ സി.പി.ഐ.എം ക്രിമിനൽ ഭീഷണി ഉയർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തിൽ സി.പി.ഐ.എം ക്രിമിനൽ ഭീഷണി ഉയർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാല് സ്ഥലങ്ങളിൽ നിന്നാണ് ഭീഷണി മുദ്രവാക്യം ഉയർന്നത്. മാധ്യമ പ്രവർത്തകൻ ദാവൂദിനെതിരെ, പൊലീസിനെതിരെ, പൊതു സമൂഹത്തിനെതിരെ, കൂടെ നിൽക്കുന്നവർക്കെതിരെ വരെ മുദ്രാവാക്യം വിളിക്കുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു.

പി.എം.ആർഷോ പി.കെ.ശശിയുടെ കാൽ വെട്ടുമെന്നാണ് പറഞ്ഞത്. നേരത്തെ AISF കാരിയായ ദളിത് യുവതിയോട് മോശമായി പെരുമാറിയ ആളാണ് ആർഷോ. SFI, DYFI ക്രിമിനലുകളെ നിയന്ത്രിക്കാൻ CPIM തയ്യാറാകണം. കേരള സർവ്വകലാശാല അടക്കമുള്ള പ്രതിസന്ധികൾ ചർച്ച ചെയ്യാതെ വഴി തിരിച്ച് വിടാനുള്ള ഗൂഢ ശ്രമം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബംഗാളിൽ സിപിഐഎമ്മിന് സംഭവിച്ചതിന്റെ ആരംഭമാണ് കേരളത്തിൽ.

പി.ജെ. കൂര്യന്റെ യൂത്ത് കോൺഗ്രസിനെതിരായ പരാമർശത്തിൽ വി ഡി സതീശൻ പ്രതികരിച്ചു. അദ്ദേഹം പാർട്ടി യോഗത്തിൽ പറഞ്ഞത് അഭിപ്രായം മാത്രം. യൂത്ത് കോൺഗ്രസ് നന്നായി അധ്വാനിക്കുന്ന നല്ല കുട്ടികളുടെ സംഘടനയാണ്. മാധ്യമങ്ങൾ ആവശ്യമില്ലാത്ത ചർച്ച നടത്തുന്നു. സംഘടനാ സംവിധാനം മെച്ചപ്പെടുത്തണമെന്ന മുതിർന്ന നേതാവിന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്. വേറെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. ഇതൊക്കെ ഒരു വാർത്തയാണോയെന്ന് വി.ഡി.സതീശൻ ചോദിച്ചു.

സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേക്ക് നിർദ്ദേശിച്ചത് അധികാര ദുർവിനിയോഗമെന്ന് വി.ഡി.സതീശൻ പറഞ്ഞു. നോമിനേറ്റ് ചെയ്യേണ്ടത് കലാ-രാഷ്ട്രീയ-കായിക രംഗത്ത് നിന്നുള്ളവരെയാണ്. പി.ടി.ഉഷയെ നോമിനേറ്റ് ചെയ്തപ്പോൾ ഞങ്ങൾ എതിർത്തില്ലല്ലോ എന്നും സതീശൻ ചോദിച്ചു.

പി കെ ശശിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ശശിക്കെതിരെ ഉണ്ടായത് പാർട്ടിക്ക് അകത്ത് അദ്ദേഹത്തെ തകർക്കാൻ ഉണ്ടായ ആരോപണം. ഇത് ബോധ്യപ്പെട്ടതുകൊണ്ടാണ് വിഷയം പ്രശ്നമാകാതിരുന്നത്. എന്ത് വ്യാജ ആരോപണങ്ങളും ഉന്നയിക്കുന്നവരല്ല യുഡിഎഫ്. തെരഞ്ഞെടുപ്പിന് മുമ്പ് ഒരുപാട് വിസ്മയങ്ങൾ ഉണ്ടാകുമെന്നും വി ഡി സതീശൻ പറഞ്ഞു.

വയനാട്ടിൽ ഒരു ചലനവും സർക്കാർ നടത്തുന്നില്ലെന്നും സർക്കാർ സഹായങ്ങൾ നൽകുന്നില്ലെന്നും വി ഡി സതീശൻ ആരോപിച്ചു. കോൺഗ്രസ്‌, ലീഗ് ഭവനനിർമാണ പദ്ധതികൾ നടക്കും. ഒരു പ്രശ്നവും ഇല്ലാ. ആർക്ക് വേണമെങ്കിലും പരിശോധിക്കാം. സർക്കാരിന് പോലും നിയമപ്രശ്നങ്ങൾ ഉണ്ട്. അപ്പോഴാണ് യൂത്ത് കോൺഗ്രസിനെതിരെയുള്ള ചോദ്യങ്ങളെന്നും സതീശൻ വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*