
എം ആർ അജിത് കുമാറിന് അനുകൂലമായ വിജിലൻസ് റിപ്പോർട്ടിൽ വിമർശനവുമായി പ്രതിപക്ഷം. മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാർമികമായി അവകാശമില്ല.
അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയെന്ന് കോടതി നിരീക്ഷണമുണ്ട്. വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. അത് ഭരണകാര്യങ്ങള്‍ക്കാണ്, അല്ലാതെ മറ്റൊന്നിനുമല്ല. ഒരു ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തില്‍ രാഷ്ട്രീയ എക്‌സിക്യൂട്ടീവിന് ഒരു പങ്കുമില്ലെന്നും വി ഡി സതീശൻ വിമർശിച്ചു.
“ജനാധിപത്യ രാജ്യത്ത് ഭരണഘടനയും സുപ്രീംകോടതിയുമുണ്ട്. എല്ലാവരും ഭരണഘടനയ്ക്ക് വിധേയരാണ്. ഓരോ അന്വേഷണവും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കണം. ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ടോ, കോഗ്നിസബിള്‍ കുറ്റകൃത്യമാണോ എന്നത് നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടത്; അല്ലാതെ രാഷ്ട്രീയ എക്‌സിക്യൂട്ടീവിന്റെ അംഗീകാരത്തെ ആശ്രയിച്ചുള്ളതല്ല.” – കോടതിയുടെ ഈ നിരീക്ഷണങ്ങൾ മുഖ്യമന്ത്രിയുടെ ഇടപെടൽ നിയമവിരുദ്ധമെന്ന് അടിവരയിടുന്നതാണ്.
‘സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം’ എന്ന ഹൈക്കോടതിയുടെ നേരിട്ടല്ലാത്ത പരാമർശത്തിലാണ് കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് സമരം ചെയ്തത്. അന്ന് സമരത്തിന് നേതൃത്വം നൽകിയ പിണറായി വിജയന് കോടതിയുടെ നേരിട്ടുള്ള ഈ പരാമർശത്തിൽ ഒന്നും പറയാനില്ലേ എന്നും വി ഡി സതീശൻ ചോദിച്ചു. പഴയകാല ചെയ്തികളിൽ കാലം നിങ്ങളുടെ മുഖത്ത് നോക്കി ഇപ്പോഴും കണക്ക് ചേദിച്ചു കൊണ്ടിരിക്കുകയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
Be the first to comment