പിണറായി വിജയൻ അധികാരം ഒഴിയുമ്പോൾ കോടികളുടെ കടമാണ് ബാക്കി വെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പിണറായി വിജയൻ അധികാരം ഒഴിയുമ്പോൾ കോടികളുടെ കടമാണ് ബാക്കി വെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർത്താണ് എൽഡിഎഫ് സർക്കാർ പുറത്തുപോകുന്നത്. പൂച്ച പെറ്റു കിടക്കുന്ന ഖജനാവ് നമ്മൾ പണം കൊണ്ട് നിറയ്ക്കും. പാവങ്ങളുടെ കണ്ണീരൊപ്പും. ആരോഗ്യ കേരളം വെന്റിലേറ്ററിൽ, കേരളത്തെ ആരോഗ്യവതി ആക്കണമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

സംഘപരിവാറിന്റെ പാതയിലാണ് സിപിഐഎമ്മും. കേരളത്തിന്റെ മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയതക്ക് തീ കൊളുത്തി. പച്ചയ്ക്ക് വർഗീയത പറഞ്ഞ സജി ചെറിയാൻ മന്ത്രിസഭയിൽ തുടരുന്നു. യുഡിഎഫിൽ ആയിരുന്നെങ്കിൽ ചെവിക്ക് പിടിച്ചു പുറത്താക്കിയേനെ. ഏതു കൊലകൊമ്പൻ വർഗീയത പറഞ്ഞാലും യുഡിഎഫ് എതിർക്കും.

വോട്ട് ബാങ്കുള്ളവർ വർഗീയത പറഞ്ഞാലും ചോദ്യം ചെയ്യും. സിപിഐഎമ്മിന് രക്തസാക്ഷികൾ ഉണ്ടാവുന്നത് ലോട്ടറി അടിക്കുന്ന പോലെ. രക്തസാക്ഷികൾ ഉണ്ടായാൽ അപ്പോൾ പിരിവ് തുടങ്ങും. തെറ്റ് ചൂണ്ടിക്കാട്ടുന്ന കമ്മ്യൂണിസ്റ്റുകാരെ പുറത്താക്കും. ശബരിമല സ്വർണ്ണകൊള്ളയിൽ ഇടപെട്ടത് സാക്ഷാൽ അയ്യപ്പൻ എന്ന് കരുതുന്നു. പ്രതികൾ എല്ലാവരും പുറത്തിറങ്ങാനുള്ള സൗകര്യം നൽകുന്നു. തെളിവുകൾ ഇല്ലാതാവുമോ എന്ന് ആശങ്കയുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ബാറുകളുടെ സമയം കൂട്ടിയ നടപടി, വിശദമായ ചർച്ചയ്ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാൻ പാടുള്ളൂ. ദൗർഭാഗ്യവശാൽ ഇലക്ഷൻ സമയത്ത് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തു. ടൂറിസം കേന്ദ്രങ്ങൾക്ക് മാത്രമാണോ മറ്റു ബാറുകൾക്ക് വ്യാപകമായിട്ടാണോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം.

എല്ലാവർക്കും ലൈസൻസ് നൽകുന്നു. മദ്യം ഇത്തരത്തിൽ വ്യാപകമാക്കുന്നത് ദോഷം ചെയ്യും. ഇലക്ഷൻ വരുന്നതിനുമുമ്പ് ഇത്തരത്തിൽ പ്രഖ്യാപിച്ചതിൽ ദുരിതയുണ്ട്. നവകേരള സർവേയിൽ കോടതി തീരുമാനം പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നത്. നാട്ടുകാരുടെ ചെലവിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള ശ്രമമാണ് കോടതി തടഞ്ഞത്. സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് ട്രൈബൽ മേഖലകളിൽ ലഘുലേഖ വിതരണം നടത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*