സംസ്ഥാനത്ത് ബാറുകളുടെ സമയം പുനക്രമീകരിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന് അറിയമായിരുന്നുവെന്ന മന്ത്രി എം ബി രാജേഷിൻറെ പ്രസ്താവനയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ ബാറുകളുടെ സമയം എകീകരിക്കുന്ന ശ്രമം നടക്കുന്നു എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, എന്നാൽ ഗവൺമെൻ്റുമായി ഒരു ചർച്ചയും നടന്നിട്ടില്ല.
ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ ദുരൂഹതയുണ്ടെന്നാണ് ഞങ്ങൾ പറഞ്ഞത്. മന്ത്രി അടുത്ത കാലത്ത് ഒരു ഫോൺ പോലും വിളിച്ചിട്ടില്ല. മന്ത്രിയുടെ ഭീഷണി കയ്യിൽ വച്ചാൽ മതിയെന്നും വി ഡി സതീശൻ മറുപടി നൽകി.
ബ്രൂവെറി വിഷയത്തിൽ എന്താണ് നടന്നത്. കേരളത്തിലെ ഒരു കമ്പനി പോലും അറിഞ്ഞിട്ടില്ല. ഞങ്ങളോട് സംസാരിച്ചാൽ അല്ലേ നിലപാട് പറയാനാകു. ടൂറിസം കേന്ദ്രങ്ങളിൽ സമയം ദീർഘിപ്പിക്കുന്നത് മനസിലാക്കാം. മാധ്യമങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് തങ്ങൾക്ക് അഭിപ്രായം പറയാനാവില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്തു മുതൽ രാത്രി 12വരെയാക്കി വിജ്ഞാപനമിറക്കിയതിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി എംബി രാജേഷ് രംഗത്തെത്തിയിരുന്നു. പുതിയ തീരുമാനമല്ലെന്നും ടൂറിസം കേന്ദ്രങ്ങളിലുള്ള ബാറുകള്‍ക്ക് നിലവിലുള്ള ഇളവ് മറ്റു ബാറുകള്‍ക്ക് കൂടി നടപ്പാക്കികൊണ്ട് സമയം ഏകീകരിച്ചതാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.
സമയം പുനക്രമീകരിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന് ഫയൽ നീക്കത്തെക്കുറിച്ച് അറിയമായിരുന്നു. പ്രതിപക്ഷവും അനുകൂല നിലപാട് എടുത്തിരുന്നു. മര്യാദ പാലിക്കേണ്ടതുകൊണ്ട് ഇപ്പോള്‍ കൂടുതൽ കാര്യങ്ങള്‍ പറയുന്നില്ല. ഫയൽ നീക്കം വൈകിയതിനാലാണ് ഉത്തരവിറങ്ങാൻ വൈകിയത്. അല്ലെങ്കിൽ ഒക്ടോബറിൽ തന്നെ പുറത്തുവരുമായിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.



Be the first to comment