പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്.മന്ത്രി വി ശിവൻകുട്ടിക്കെതിരായ മോശം പരാമർശത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് വി ജോയ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചുവെന്നും പൊതുജനമധ്യത്തിൽ അവഹേളിച്ചുമെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നാണ് നോട്ടീസിലെ ആവശ്യം.
വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ രൂക്ഷവിമര്‍ശനം വലിയ വാക്‌പോരിനാണ് വഴിവച്ചത്. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ശക്തമായ തിരിച്ചടിയുമായി സതീശന്‍ രംഗത്തെത്തിയത്.
സെക്രട്ടേറിയറ്റിനു മുന്നില്‍ കോണ്‍ഗ്രസ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുമ്പോഴാണ് വി.ഡി.സതീശന്‍, ശിവന്‍കുട്ടിയെ വിമര്‍ശിച്ചത്. ‘ഇവനെ പോലെയുള്ളവര്‍ മന്ത്രിമാരായിരിക്കാന്‍ യോഗ്യരാണോ. അണ്ടര്‍വെയര്‍ കാണിച്ച് മുണ്ടും മടക്കിക്കുത്തി ഡസ്‌കിനു മുകളില്‍ കയറി നിയമസഭ തല്ലിപ്പൊളിച്ച ആളാണ്. എന്നിട്ട് സഭയില്‍ മര്യാദ പഠിപ്പിക്കുകയും യുഡിഎഫിനെ ഉപദേശിക്കുകയുമാണ്’- സതീശന്‍ പരിഹസിച്ചു.
പിന്നാലെ സതീശനെ ‘വിനായക് ദാമോദര്‍ സതീശന്‍’ എന്നു പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടിയും പ്രതികരിച്ചു. സതീശന്റെ അതേ ഭാഷയില്‍ ഞങ്ങള്‍ തിരിച്ചു പറഞ്ഞാല്‍ സതീശന്‍ പേടിച്ച് മൂത്രമൊഴിച്ചു പോകുമെന്നും മന്ത്രി പറഞ്ഞു. ഞാന്‍ ആര്‍എസ്എസിനെതിരെ പോരാടുമ്പോള്‍ സതീശന്‍ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ നട്ടെല്ല് വളച്ച ആളിന്റെ പേര് ശിവന്‍കുട്ടി എന്നല്ല, അത് ‘വിനായക് ദാമോദര്‍ സതീശന്‍’ ആണെന്നും അദ്ദേഹം തിരിച്ചടിച്ചു.



Be the first to comment