
തിരുവനന്തപുരം തിരുമല വാർഡ് കൗൺസിലർ അനിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി നേതൃത്വത്തോട് ചോദ്യങ്ങളുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്.
1) അനിൽ ആത്മഹത്യ ചെയ്ത ദിവസം ഇൻക്വസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോൾ അവിടെയെത്തിയ മാധ്യപ്രവർത്തകരെ ആക്രമിക്കാനും ക്യാമറ തല്ലിപ്പൊളിക്കാനും ഉണ്ടായ സാഹചര്യമെന്താണ്?സ്വന്തം ചാനലിലെ റിപ്പോർട്ടറോട് അങ്ങനെ ചോദിക്കുമോ?
2) മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് എന്തിനാണ് ബിജെപിയുടെ ജില്ലാ പ്രസിഡൻറ് വാർത്താ സമ്മേളനം വിളിക്കേണ്ടി വന്നത്? വാർത്താ സമ്മേളനത്തിൽ സിപിഐഎമ്മിനെയും പൊലീസിനെയും പ്രതിക്കൂട്ടിൽ നിർത്തി.
3)സിപിഐഎം ഏതെങ്കിലും സന്ദർഭത്തിൽ അനിലിനെതിരായി സമരം ചെയ്തിട്ടുണ്ടോ?
4) അനിലിനെതിരായി പൊലീസ് ഏതെങ്കിലും സ്റ്റേഷനിൽ പരാതി സ്വീകരിക്കുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടുണ്ടോ?
5) ബിജെപി സംസ്ഥാന അധ്യക്ഷൻ എന്തിനാണ് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് ധാർഷ്ഠ്യത്തിൽ നീ ഒന്നും ചോദിക്കേണ്ട എന്ന പരാമർശം നടത്തിയത്?
6) അനിലിന്റെ ആത്മഹത്യാക്കുറിപ്പിൽ എവിടെയെങ്കിലും സിപിഐഎമ്മിനെയോ പൊലീസിനെയോ പരാമർശിച്ചിട്ടുണ്ടോ?
7) രണ്ടുദിവസം മുമ്പ് അനിൽ തന്നെ വന്നു കണ്ടിരുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അദ്ദേഹത്തിൻറെ ഫേസ്ബുക്കിൽ കുറിച്ചു, അങ്ങനെ കണ്ടെങ്കിൽ എന്താണ് അനിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനോട് സംസാരിച്ചത്?
ഇക്കാര്യത്തിൽ ബിജെപിക്ക് ഒളിച്ചുവയ്ക്കാനുള്ളത് എന്താണെന്നും ഈ ചോദ്യങ്ങൾക്ക് ബിജെപി നേതാക്കൾ മറുപടി പറയണം.ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബിജെപി കൗൺസിലർമാരുടെ ആസ്തി വലിയ രീതിയിൽ വർധിച്ചു. ഈ ആസ്തി പരിശോധിക്കുവാൻ നേത്യത്വം തയ്യാറാകുമോയെന്നും വി ജെപോയ് ചോദിച്ചു.
ബിജെപി കൗൺസിലർമാർ അഴിമതി കൃത്യമായി നടത്തിവരുന്നുണ്ട്. ആത്മഹത്യാക്കുറിപ്പിലെ നമ്മുടെ ആൾക്കാർ ആരാണെന്ന് വ്യക്തമാക്കണം. ബിജെപിയിലെ ആരെല്ലാമാണ് ഇതിനുള്ളിൽപ്പെട്ടിട്ടുള്ളതെന്ന് അറിയേണ്ടതുണ്ട്. എല്ലാവരും തന്നെ ഒറ്റപ്പെടുത്തുന്നു എന്ന് അനിൽ കുറിപ്പിൽ പറയുന്നുണ്ട് അത് ആരെയാണ് ഉദ്ദേശിക്കുന്നത്. ഇത് രണ്ടും ബിജെപിയെ ഉദ്ദേശിച്ചാണ് മരണക്കുറിപ്പിൽ അനിൽ എഴുതിയിരിക്കുന്നത്. മൃതദേഹം സംസ്കരിക്കാനുള്ള തുക ബിജെപി കൊടുക്കാൻ പാടില്ല എന്ന നിർബന്ധം അനിലിന് ഉണ്ടായിരുന്നു. ചെലവിനുള്ള പണം എന്ന് ആത്മഹത്യാക്കുറിപ്പിനുള്ളിൽ അദ്ദേഹം എഴുതിവെച്ചിരുന്നുവെന്നും വി ജോയ് വ്യക്തമാക്കി.
സിപിഐഎമ്മിന്റെ മേൽ പഴിചാരി ഇതിൽ നിന്ന് രക്ഷപ്പെട്ടു പോകാൻ ബിജെപിയ്ക്ക് സാധിക്കില്ല. വി മുരളീധരൻ ഒഴികെയുള്ള ഒരു നേതാവും സംസ്കാരത്തിനു ഉണ്ടായിരുന്നില്ല. കരിമ്പിൻ ചണ്ടി വലിച്ചെറിയും പോലെ ബിജെപി അനിലിനെ തള്ളിക്കളയുകയായിരുന്നു. നിക്ഷേപകൻ പ്രശ്നം ഉണ്ടാക്കുന്നു എന്ന പരാതി നൽകിയത് സംഘം സെക്രട്ടറി തന്നെയാണ് . സെക്രട്ടറിയെയും നിക്ഷേപകനെയും പൊലീസ് വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കിയിരുന്നു. അതിനുശേഷം പൊലീസ് ഒരു കോൾ പോലും ഇതുമായി ബന്ധപ്പെട്ട് വിളിച്ചിട്ടില്ല. പിന്നെ എന്തിനാണ് ഇന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്? ബിജെപിയുടെ പൊലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തത് 132 പേരായിരുന്നു.
അനിൽകുമാറിന്റെ വീട്ടിലെത്തിയ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളോട് നിങ്ങളെല്ലാവരും കൂടെ കൊലയ്ക്ക് കൊടുത്തില്ലേ എന്നായിരുന്നു അനിൽകുമാറിന്റെ ഭാര്യ ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയോട് അനിലിന്റെ ഭാര്യ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം പിന്നീട് വെളിപ്പെടുത്തും. ബിജെപി നടത്തുന്ന സഹകരണ സംഘങ്ങൾ നാട്ടിലെ ആളുകളെ പറ്റിക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങളായി മാറിഎന്നും അദ്ദേഹം പറഞ്ഞു.
വെങ്ങാനൂർ സഹകരണ സംഘം,വഞ്ചിനാട് സഹകരണ സംഘം,തിരുവിതാംകൂർ സഹകരണ സംഘം,തിരുവനന്തപുരം ട്രാവൽ ആൻഡ് ടൂറിസം സഹകരണ സംഘം, തുടങ്ങി 11 ഓളം സഹകരണ സ്ഥാപനങ്ങൾ ബിജെപി നേതാക്കൾ നേതൃത്വം കൊടുക്കുന്നു. ഇതെല്ലാം തട്ടിപ്പ് കേന്ദ്രങ്ങളാണ്. ഈ സംഘങ്ങളെല്ലാം പൊളിഞ്ഞു പാളീസായി നിക്ഷേപകർക്ക് തുക തിരികെ നൽകാനാകാതെ നിൽക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.
അനിലിനെ പാർട്ടി ഒരിക്കലും സംരക്ഷിച്ചിട്ടില്ല. ആർഎസ്എസിലൂടെ വളർന്നുവന്ന നേതാവിനെ ചതിക്കുകയായിരുന്നു.അതിന്റെ ഉത്തരവാദിത്വം ബി ജെ പിക്ക് തന്നെയാണ് അതിന് അവർ തന്നെ ഉത്തരം പറയേണ്ടി വരും. സംഭവത്തിൽ സമഗ്രമായ അന്വേഷണം പൊലീസ് നടത്തണമെന്നും വി ജോയ് ആവശ്യപ്പെട്ടു.
Be the first to comment