‘ഇത് വെള്ളരിക്ക പട്ടണമല്ല, നഗരസഭയിൽ ബിജെപി ജയിച്ചതിന് ബാക്കിയുള്ളവർ നാടുവിട്ടു പോകണോ?’: വി.കെ. പ്രശാന്ത്

തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസ് വിപുലീകരിക്കുന്നതിനായി എംഎൽഎ ഓഫീസ് മാറിത്തരണമെന്ന് ആർ. ശ്രീലേഖ ആവശ്യപ്പെട്ടതായി വി.കെ. പ്രശാന്ത്. മാർച്ച് വരെ കാലാവധിയുള്ള എംഎൽഎ ഓഫീസ് അതിന് മുമ്പ് ഒഴിപ്പിക്കണമെങ്കിൽ “നിങ്ങളുടെ വഴി നോക്കാൻ” ആവശ്യപ്പെട്ടുവെന്നും എംഎൽഎ പറഞ്ഞു.

ആരുടെയെങ്കിലും പ്രേരണയോടെയാണ് വിളിച്ചതെന്നാണ് താൻ കരുതുന്നതെന്ന് പ്രശാന്ത് പറഞ്ഞു. ഇത് ഒരു സൂചനയാണെന്നും നഗരസഭയിൽ ബിജെപി ജയിച്ചതിനുശേഷം ബാക്കിയുള്ളവർ നാടുവിട്ടുപോകണമെന്നാണോയെന്നും അദ്ദേഹം ചോദിച്ചു. ഇത് വെള്ളരിക്ക പട്ടണം അല്ലെന്നും ജനാധിപത്യപരമായി അല്ല പെരുമാറിയതെന്നും പ്രശാന്ത് വിമർശിച്ചു.

പ്രേരണയില്ലാതെ ഇത്തരമൊരു വിളി ഉണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും, കൗൺസിലാണ് നിയമപരമായി തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി റദ്ദാക്കണമെങ്കിൽ കൗൺസിൽ തീരുമാനിക്കണം. ഇത്തരം കാര്യങ്ങൾ വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം  പറഞ്ഞു.

കൗൺസിൽ തീരുമാന പ്രകാരമാണ് പ്രശാന്തിൻറെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവർത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാൻ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എംഎൽഎക്ക് ഓഫീസ് ഒഴിയേണ്ടി വരും. കൗൺസിലർക്ക് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് വേണമെങ്കിൽ മേയർ വഴിയാണ് അനുമതി കിട്ടേണ്ടത്. കെട്ടിട സൗകര്യം ലഭ്യമാണോ എന്നു സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കും. കോർപ്പറേഷൻറെ കെട്ടിടം വാർഡിൽ ലഭ്യമല്ലെങ്കിൽ നിശ്ചിത തുകയ്ക്ക് മറ്റു കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*