ഇടമലയാര്‍ കേസ്, പാമോയില്‍ കേസ്.. വിഎസ് നടത്തിയ നിയമയുദ്ധങ്ങള്‍

തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം കോടതി വ്യവഹാരങ്ങള്‍ വി.എസിന്റെ രാഷ്ട്രീയ യുദ്ധത്തിലെ നിര്‍ണ്ണായകമായ ഒരു വശമായിരുന്നു. ഗ്രാഫൈറ്റ് കേസിലും ഇടമലയാര്‍ കേസിലും തുടര്‍നടപടികളിലൂടെ ആര്‍.ബാലകൃഷ്ണപിള്ളയെ കുരുക്കി തടവുശിക്ഷ വാങ്ങിക്കൊടുത്തതില്‍ വി.എസ്.അച്യുതാനന്ദനുള്ള പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. ദീര്‍ഘമായ നിയമ പോരാട്ടത്തിനുശേഷമാണ് ഈ കേസുകളില്‍ വി.എസ് രാഷ്ട്രീയ എതിരാളിയ്ക്കെതിരെ വിജയപീഠമേറിയത്.

1982-87 കാലയളവിലാണ് ഇടമലയാര്‍, ഗ്രാഫൈറ്റ് അഴിമതികളുണ്ടായത്. ടണല്‍ നിര്‍മാണത്തിനും ഷാഫ്റ്റ് നിര്‍മാണത്തിനും ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കി ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയെന്നാണ് ഇടമലയാര്‍ കേസ്. ഗ്രാഫൈറ്റ് കമ്പനിക്ക് വൈദ്യുതി മറിച്ചുവിറ്റെന്നതായിരുന്നു ഗ്രാഫൈറ്റ് കേസ്. അന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയും ബാലകൃഷ്ണപിള്ള വൈദ്യുതിമന്ത്രിയുമായിരുന്നു. രണ്ട് കേസിലും വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം. രണ്ട് കേസുകളിലും ബാലകൃഷ്ണ പിള്ള ശിക്ഷിക്കപ്പെട്ടു. ഗ്രാഫൈറ്റ് കേസില്‍ പിന്നീട് സുപ്രീംകോടതി വെറുതെവിട്ടെങ്കിലും ഇടമലയാര്‍ കേസില്‍ സുപ്രിംകോടതി പിള്ളയെ ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

ആദ്യം കരുണാകരനെതിരെയും പിന്നീട് ഉമ്മന്‍ചാണ്ടിക്കുമെതിരായുള്ള പാമോയില്‍ കേസിലും വി.എസ് ദീര്‍ഘകാലം നിയമ പോരാട്ടം നടത്തി. വെളിച്ചെണ്ണയെക്കാള്‍ വിലകുറഞ്ഞ ഭക്ഷ്യ എണ്ണയെന്ന നിലയില്‍ മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്ത് പൊതുവിതരണ ശൃംഖലയിലൂടെ ജനങ്ങള്‍ക്ക് നല്‍കാന്‍ കരുണാകരന്‍ സര്‍ക്കാര്‍ 1991ല്‍ തീരുമാനിച്ചു. അങ്ങനെ വാങ്ങിയ പാമോയില്‍ പൊതു ഖജനാവിന് 2.33 കോടി രൂപയോളം നഷ്ടമുണ്ടാക്കിയതായി അക്കൗണ്ടന്റ് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി. നിയമസഭയില്‍ പ്രതിപക്ഷനേതാവായിരുന്ന അച്യുതാനന്ദന്‍ ഗുരുതരമായ ഒരു അഴിമതി ആരോപണമായി ഇക്കാര്യം ഉന്നയിക്കുകയും പിന്നീട് കോടതികളില്‍ കയറിയിറങ്ങുകയും ചെയ്തു. കേസില്‍ മരിക്കുന്നതുവരെയും വി.എസ് നിയമ പോരാട്ടം തുടര്‍ന്നു.

പി.കെ.കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടായ ഐസ്‌ക്രീം പാര്‍ലര്‍ കേസിലും വി.എസ് അന്ത്യം വരെ നിയമ പോരാട്ടം തുടര്‍ന്നു. കോഴിക്കോട് നഗരത്തിലെ ഒരു ഐസ് ക്രീം – ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ട് പെണ്‍വാണിഭം നടന്നു എന്നായിരുന്നു കേസ്. കേസിലെ മുഖ്യ സാക്ഷിയായ റജീന മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ പിന്നീട് റജീന മൊഴി മാറ്റി പറഞ്ഞതോടെ പ്രതികളെയെല്ലാം കോടതി വെറുതെവിട്ടെങ്കിലും വി.എസ് നിയമ പോരാട്ടം തുടരുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*