
ജനസാഗരത്തിന്റെ കണ്ഠമിടറിയുള്ള മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ ‘ വേലിക്കകത്ത് ‘ വീട്ടില്‍ നിന്ന് ഇറങ്ങി വി എസ് അച്യുതാനന്ദന്‍. സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം ആരംഭിച്ചു. ഡിസി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ബീച്ച് റീക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകും. കനത്ത മഴയിലും തളരാതെ ഇടറാതെ വിഎസിനെ ഒരുനോക്ക് കാണാന്‍ അഭൂതപൂര്‍വമായ ജനത്തിരക്കാണ് ജില്ലാ കമ്മറ്റി ഓഫീസിലും. സമയക്രമം പാലിക്കാന്‍ ഡിസി ഓഫീസിലെ പൊതുദര്‍ശനം ചുരുക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് 12.15നാണ് വിലാപ യാത്ര വേലിക്കകത്ത് വീട്ടില്‍ എത്തിയത്. ജനസാഗരത്തിനു നടുവിലൂടെ വിലാപയാത്ര ആലപ്പുഴയില്‍ എത്തിയത് 20 മണിക്കൂറിലധികം സമയമെടുത്താണ്. പെരുമഴയെ തോല്‍പ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി.
വിഎസിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകള്‍ വൈകി.
Be the first to comment