
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന് വരെ കണ്ടതിൽ ഏറ്റവും മികച്ചതെന്ന് മുൻ മന്ത്രി വിഎസ് സുനിൽകുമാർ. പൂരം വെടികെട്ട് ഇതിലും മികച്ചത് ആകുമെന്ന് ഉറപ്പായെന്നും സുനിൽ കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. പാറമേക്കാവ് സാമ്പിൾ നിന്നതായി അനുഭവപ്പെട്ടു. തിരുവമ്പാടിയുടേത് മികച്ച ഫിനിഷിങ് ആയി തോന്നിയെന്നും അദ്ദേഹം പറഞ്ഞു
തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിന് തുടക്കം കുറിച്ചു. തിരുവമ്പാടിയാണ് ആദ്യം തിരി കൊളുത്തിയത്. പിന്നാലെ പാറമോക്കാവിന്റെ വെടിക്കെട്ട് തുടങ്ങും. മെയ് ആറിനാണ് പൂരം. തിങ്കളാഴ്ച പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരം തുറന്നിടും.
രാവിലെ 11ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ഗജവീരന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറന്ന് പൂര വിളംബരം കുറിക്കുന്നതോടെയാണ് പൂരച്ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ ഒരുക്കുന്ന ആനച്ചമയങ്ങളുടെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ നടന്നിരുന്നു.
അതേസമയം ഇന്ന് നടന്ന തൃശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരുക്കേറ്റു. വെടിക്കെട്ടിനിടെ അമിട്ട് പൊട്ടിയതിന്‍റെ അവശിഷ്ടം വീണാണ് പരുക്കേറ്റത്. ചാലക്കുടി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്‍ഫോഴ്സ് ഹോം ഗാര്‍ഡ് ടിഎ ജോസിനാണ് പരുക്കേറ്റത്.
പരുക്കേറ്റ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് തിരുവമ്പാടിയുടെ സാമ്പിള്‍ വെടിക്കെട്ട് നടന്നത്. നാലു മിനുട്ടോളം നീണ്ടു നിന്ന തിരുവമ്പാടിയുടെ വെടിക്കെട്ടിനിടെയാണ് അമിട്ട് പൊട്ടിയതിന്‍റെ അവശിഷ്ടം വീണ് ഉദ്യോഗസ്ഥന് പരുക്കേറ്റത്. രാത്രി എട്ടരയോടെയാണ് പാറമേക്കാവ് വിഭാഗത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ട് നടന്നത്.
Be the first to comment