എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്‌മെന്റുകൾക്ക് മുന്നറിയിപ്പുമായി വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. വെല്ലുവിളിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും വിമോചന സമരം ഇന്ന് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. 5000ത്തിൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. എന്നാൽ 1500ൽ താഴെ ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
സമാധാനപരമായി മുന്നോട്ടു പോകുന്ന വിദ്യാഭ്യാസമേഖല കുഴപ്പമാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. ഒരു വെല്ലുവിളിയും സർക്കാർ അംഗീകരിക്കില്ല. ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ്. ധിക്കാരപരമായ സമീപനം സർക്കാരിനില്ല – അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തനിക്കും മുഖ്യമന്ത്രിക്കും വീണ്ടും കത്തയച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ആണ് കത്തയച്ചത്. വിദ്യാഭ്യാസ നയത്തിലെ 75% കാര്യങ്ങൾ നടപ്പിലാക്കി എന്ന് കാട്ടി മറുപടി നൽകുംആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥരും സഭാ സമ്മേളനം പൂർത്തിയായതിനുശേഷം താനും കേന്ദ്രസർക്കാരുമായി ചർച്ച നടത്തും – വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
ഭിന്നശേഷി നിയമനത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തിയും മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയും ക്രൈസ്തവ സഭകൾ രംഗത്തെത്തിയിരുന്നു.



Be the first to comment