പിഎം ശ്രീ പദ്ധതിയിൽ സിപിഐക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയിൽ സിപിഐക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്എസ്കെ ഫണ്ട് ഇനി കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രിക്ക് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തോട്ടെ. ബിനോയ് വിശ്വത്തിന്റെ പരാമർശം വിരൽ ചൂണ്ടുന്നത് എങ്ങോട്ടാണെന്ന് വ്യക്തമാണ്. മന്ത്രിസഭാ ഉപസമിതിയെ പോലും ബിനോയ് വിശ്വം പുച്ഛത്തോടെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും കേന്ദ്രത്തിൽ നിന്ന് ഇടതുപക്ഷ ആശയം പഠിക്കേണ്ട ഗതികേട് സിപിഐഎമ്മിന് ഇല്ല.
ആർഎസ്എസിനെ പ്രതിരോധിക്കാൻ ഞങ്ങൾ മാത്രമേ ഉള്ളൂവെന്ന് ചിലർ വരുത്തിത്തീർക്കുന്നുവെന്നും വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പ് ആയതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ഇന്നലെയാണ് പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചത്. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കത്ത് അയക്കുന്നത് വൈകുന്നതിനെതിരെ സിപിഐ രം​ഗത്തെത്തിയിരുന്നു.

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം എന്ന് രണ്ടാഴ്ചയ്ക്ക് മുൻ‌പ് ചേർന്ന മന്ത്രി സഭാ യോ​ഗത്തിലാണ് തീരുമാനമെടുത്തിരുന്നത്. എന്നാൽ പദ്ധതി മരവിപ്പിക്കുന്നത് സംബന്ധിച്ച് കത്ത് കേന്ദ്രത്തിന് അയച്ചിരുന്നില്ല. തീരുമാനമെടുത്ത് 13 ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ കത്ത് അയക്കുന്നത്. രാവിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ സന്ദർശിച്ച് കത്ത് വൈകുന്നതിലുള്ള തങ്ങളുടെ അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ കത്തിന്റെ കരട് സിപിഐ മന്ത്രിമാരെ കാണിച്ച ശേഷം ഇപ്പോൾ കേന്ദ്രത്തിന് അയച്ചിരിക്കുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായുമായി നടന്ന കൂടിക്കാഴ്ചയിൽ പി എം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് അറിയിച്ചിരുന്നു. എന്നാൽ വാക്കാൽ മാത്രമേ ഇതറിയിച്ചിട്ടുള്ളൂ. എന്നാൽ ഇപ്പോൾ സിപിഐയുടെ രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*