‘വയനാട് ഉരുൾപൊട്ടലിൽ 49 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്’; മന്ത്രി വി. ശിവൻകുട്ടി

വയനാട് ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈയിലും ചൂരൽമലയിലുമായി രണ്ട് സ്കൂളുകൾ തകർന്നു. തകർന്ന സ്കൂളുകൾ പുനർനിർമിക്കണം. മുഖ്യമന്ത്രിയെ കണ്ട് ഈ കാര്യങ്ങൾ അവതരിപ്പിക്കും. പാഠ പുസ്തകങ്ങൾ, സർട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവർക്ക് വീണ്ടും നൽകുമെന്നും മന്ത്രി പറഞ്ഞു.

മഹാദുരന്തത്തിൽ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 289 പേരാണ് മരിച്ചത്. 27 പേര്‍ കുട്ടികളാണ്. 200ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണ്. നൂറിലധികം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ പേരുണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം.

സൈന്യം നിര്‍മിച്ച ബെയ്‌ലി പാലം തുറന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായിട്ടുണ്ട്. കൂടുതൽ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച് തിരച്ചിൽ ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*